കുവൈത്ത് സിറ്റി: ലോകം പ്രാദേശികമായും അന്തർദേശീയമായും അസാധാരണമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് കുവൈത്ത് പ്രതിരോധമന്ത്രി ശൈഖ് അഹ്മദ് അൽ ഫഹദ് അസ്സബാഹ്. ഒമാൻ തലസ്ഥാനത്ത് നടന്ന ജി.സി.സി ജോയന്റ് ഡിഫൻസ് കൗൺസിലിന്റെ 20ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേൽ അധിനിവേശസേന ഫലസ്തീൻ പ്രദേശങ്ങളിൽ ആക്രമണം ശക്തമാക്കുമ്പോൾ, ഏതു ഭീഷണിയും നേരിടാൻ ജാഗ്രതയോടെ സജ്ജരായിരിക്കാൻ പ്രദേശത്തെ സായുധസേനയെ നിർബന്ധിതരാക്കുന്നതായി അദ്ദേഹം ഉണർത്തി. ജി.സി.സി രാജ്യങ്ങൾക്കിടയിൽ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഇത്തരം ഒത്തുചേരലുകൾ നിർണായകമാണ്. ആറ് അംഗ സംഘത്തിനുള്ളിലും അതിനപ്പുറവും സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള മുന്നേറ്റമാണിതെന്നും ശൈഖ് അഹ്മദ് അൽ ഫഹദ് അസ്സബാഹ് ഉണർത്തി.
മസ്കത്തിൽ ചേർന്ന യോഗത്തിൽ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് അധ്യക്ഷത വഹിച്ചു. ജി.സി.സി രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ, ജി.സി.സി ജോയന്റ് ഡിഫൻസ് കൗൺസിലിലേക്കും ജി.സി.സി സെക്രട്ടറി ജനറലിലേക്കുമുള്ള പ്രതിനിധികളുടെ തലവന്മാർ എന്നിവർ പങ്കെടുത്തു.
ജി.സി.സി രാജ്യങ്ങളിലെ പ്രതിരോധ മന്ത്രാലയങ്ങൾക്കിടയിൽ പൊതുവായ വിഷയങ്ങളും സഹകരണവും സൈനിക നടപടികളും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചചെയ്തു.
ജി.സി.സി രാജ്യങ്ങളിലെ സായുധസേനകൾ വഹിക്കുന്ന പങ്ക്, ഉയർന്ന കാര്യക്ഷമത, വിശിഷ്ടമായ കഴിവുകൾ, അച്ചടക്കം, പ്രഫഷനലിസം, അർപ്പണബോധം, ചുമതലകൾ നിർവഹിക്കുന്നതിലെ ആത്മാർഥത എന്നിവയെ ചടങ്ങിൽ സംസാരിച്ച ജി.സി.സി സെക്രട്ടറി ജനറൽ ജാസിം ബിൻ മുഹമ്മദ് അൽ ബുദൈവി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.