കുവൈത്ത് സിറ്റി: കുവൈത്തിൽ ജനസംഖ്യ ക്രമീകരണം സാധ്യമാക്കുന്നതിനുള്ള കരട് നിയമത്തിന് പാർലമെൻറ് സമിതിയുടെ അംഗീകാരം. വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ 10 വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമ നിർദേശമാണ് കുവൈത്ത് പാർലമെൻറിലെ മനുഷ്യ വിഭവ സമിതി അംഗീകരിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലിെൻറ ലക്ഷ്യം.നിർദിഷ്ട നിയമപ്രകാരം രാജ്യത്തിന് പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും.
നിയമം നടപ്പായത് മുതൽ ആറുമാസത്തിനുള്ളിൽ ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനം കൈക്കൊള്ളണം എന്നാണ് വ്യവസ്ഥ. മന്ത്രിസഭ തീരുമാനം കൈക്കൊണ്ടാൽ അഞ്ചുവർഷത്തിനുള്ളിൽ ജനസംഖ്യക്രമീകരണം സാധ്യമാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പുമന്ത്രിക്കായിരിക്കും. നിയമം പ്രാബല്യത്തിലായി രണ്ടു വർഷം പൂർത്തിയാകുന്നതിനു മുമ്പ് രാജ്യത്തെ തൊഴിൽ വിപണിക്കാവശ്യമായ വിദഗ്ധ ജോലിക്കാരുടെ എണ്ണം നിർണയിക്കണമെന്നും കരട് ബിൽ നിർദേശിക്കുന്നു.
ജി.സി.സി പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ, വൈമാനികർ, സൈനിക പ്രതിനിധികൾ, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ജീവനക്കാർ, ഗാർഹികത്തൊഴിലാളികൾ, അടിസ്ഥാന വികസന പദ്ധതികളിലെ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളെ ബില്ലിെൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയിൽ നിലനിൽക്കുന്ന അസന്തുലിതത്വം പരിഹരിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് കരട് നിയമമെന്ന് ഹ്യൂമൻ റിസോഴ്സ് കമ്മിറ്റി അംഗം ബദർ അൽ മുല്ല എംപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.