കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങളിൽ ഫ്ലെക്സിബിൾ പ്രവൃത്തിസമയത്തിന് രൂപരേഖയായി. തൊഴിലിടങ്ങളിൽ ജീവനക്കാര്‍ക്ക് ഫ്ലെക്സിബിൾ പ്രവൃത്തിസമയം നടപ്പിലാക്കുന്നതിന്റെ വ്യവസ്ഥകൾ പ്രഖ്യാപിച്ചു. സിവിൽ സർവിസ് ബ്യൂറോ മേധാവി ഡോ. ഇസ്സാം സാദ് അൽ റുബയാൻ ഇത് സംബന്ധമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
സര്‍ക്കുലര്‍ പ്രകാരം രാവിലെ ഏഴ് മുതല്‍ ഒമ്പത് മണിയുടെ ഇടയിലാണ് ഓഫിസുകള്‍ ആരംഭിക്കുക. ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തിസമയം. ജോലി ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോയും 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. സ്ത്രീ ജീവനക്കാർക്ക് പുറപ്പെടുന്നതിനായി 15 മിനിറ്റ് അധിക ഗ്രേസ് പിരീഡ് അനുവദിച്ചതായും അൽ റുബയാന്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് ഇതിന് അനുസൃതമായി പ്രവൃത്തിസമയം തിരഞ്ഞെടുക്കാം. ഈ സമയം അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിനെ അറിയിച്ച് ആവശ്യമായ അനുമതി വാങ്ങണം. ഈ മാസം മൂന്നു മുതൽ സർക്കുലർ പ്രാബല്യത്തിൽ വരുമെന്ന് സിവില്‍ സര്‍വിസ് കമീഷന് അറിയിച്ചു. അതേസമയം, ചില മന്ത്രാലയങ്ങളിൽ ഫ്ലെക്സിബിൾ പ്രവൃത്തിസമയം അപ്രായോഗികമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജോലിയുടെ സ്വഭാവവും അടിയന്തര ആവശ്യങ്ങളും കണക്കിലെടുത്താണിത്. ഫ്ലെക്സിബിൾ പ്രവൃത്തിസമയം പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഫ്ലെക്സിബിൾ പ്രവൃത്തിസമയം വരുന്നതിലൂടെ തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും രൂക്ഷമായ ഗതാഗത പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നിലവിൽ ഓഫിസുകളും വിദ്യാലയങ്ങളും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഫ്ലെക്സിബിൾ പ്രവൃത്തിസമയം വരുന്നതിലൂടെ ഒരേസമയം റോഡിൽ ഇറങ്ങുന്ന വാഹനങ്ങളിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ചയോടെ ആരംഭിച്ച് വ്യാഴാഴ്ചയോടെ അവസാനിക്കുന്ന രീതിയിലാണ് കുവൈത്തിലെ പ്രവൃത്തിദിനങ്ങള്‍. വെള്ളി, ശനി ദിവസങ്ങളിൽ റോഡുകളിൽ പൊതുവേ തിരക്ക് കുറവായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.