കുവൈത്ത് സിറ്റി: ചെറുകിട-ഇടത്തരം സംരംഭക നിയമങ്ങളില്‍ ഭേദഗതിയുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. മാനവവിഭവശേഷി അധികൃതർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി റസ്റ്റാറന്റ് മേഖലയിലെയും ഡെലിവറി കമ്പനികളിലെയും നിയന്ത്രണങ്ങളില്‍ ഭേദഗതികള്‍ വരുത്തും.
റസ്റ്റാറന്റ് മേഖലയില്‍ തൊഴിലാളികളുടെ എണ്ണം പത്തില്‍നിന്ന് 15 ആയി ഉയർത്തി.
ഡെലിവറി കമ്പനികളില്‍ ഉപയോഗിക്കുന്ന കാറുകളുടെ പരമാവധി പഴക്കം അഞ്ചില്‍നിന്ന് ഏഴു വർഷമായും ഡെലിവറി ബൈക്കുകളുടെ പരമാവധി ഉപഭോഗം മൂന്നില്‍നിന്ന് നാലു വര്‍ഷമായും വർധിപ്പിച്ചിട്ടുണ്ട്. നേരത്തേ ബൈക്കുകള്‍ രജിസ്റ്റര്‍ ചെയ്യാൻ ഗാരന്റിയായി നിശ്ചയിച്ചിരുന്ന 500 ദീനാറും റദ്ദാക്കി. പുതിയ തീരുമാനങ്ങള്‍ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് കൂടുതല്‍ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതുമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇല്ലാതിരിക്കുകയും സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നതിന് സ്വദേശികള്‍ വൈമുഖ്യം കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വദേശികളെ തൊഴിലുടമകളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. കൂടുതല്‍ യുവാക്കള്‍ തൊഴിലുടമകളാകുന്നതോടെ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.