കുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹിനെതിരെ പാർലമെൻറിൽ അവിശ്വാസ പ്രമേയം. ഹംദാൻ അൽ ആസ്മി എം.പി കൊണ്ടുവന്ന കുറ്റവിചാരണക്ക് ഒടുവിലാണ് പത്ത് എം.പിമാർ ഒപ്പിട്ട അവിശ്വാസ പ്രമേയം സമർപ്പിച്ചത്. ഇത് വോട്ടിനിട്ട് പാസായാൽ മന്ത്രി രാജിവെക്കേണ്ടിവരും. സ്ത്രീകളെ സൈന്യത്തിലെടുക്കൽ, യൂറോഫൈറ്റർ ആയുധ ഇടപാടിലെ ഓഡിറ്റ് ബ്യൂറോ പരാമർശം, സർക്കാർ ഭൂമി അന്യാധീനപ്പെട്ടത് തടയാൻ കഴിഞ്ഞില്ല, റിക്രൂട്ട്മെൻറിൽ മന്ത്രിസഭ മാർഗനിർദേശങ്ങൾ പാലിക്കപ്പെട്ടില്ല എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് ഹംദാൻ അൽ ആസിമി കുറ്റവിചാരണ നടത്തിയത്. ആരോപണങ്ങൾക്ക് മന്ത്രി പാർലമെൻറിൽ മറുപടി നൽകി. അവിശ്വാസ പ്രമേയത്തിൽ അടുത്തയാഴ്ച വോട്ടെടുപ്പ് നടക്കും. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാഷനൽ ഡയലോഗിന്റെ തുടർച്ചയായി പുതിയൊരു തുടക്കത്തിനായാണ് മന്ത്രിസഭ രാജിവെച്ച് പുനഃസംഘടിപ്പിച്ചത്. എന്നാൽ, പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങ് ചില എം.പിമാർ ബഹിഷ്കരിച്ചത് തുടക്കത്തിലേ കല്ലുകടിയായി. അതിനുപിന്നാലെ കുറ്റവിചാരണയും അവിശ്വാസ പ്രമേയവും. ഇനിയും പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.