കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ കുവൈത്ത് സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിലെ ചരിത്രപരമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് വിലയിരുത്തൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനവും വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ഇതിനുള്ള ക്രമീകരണങ്ങൾ അന്തിമമാക്കാൻ ഡോ.എസ്. ജയ്ശങ്കറിന്റെ സന്ദർശനം സഹായിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ പറഞ്ഞു.
പരസ്പര താൽപര്യമുള്ള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറാനും ഭക്ഷ്യസുരക്ഷ, നിക്ഷേപ അവസരങ്ങൾ എന്നിവ ചർച്ച ചെയ്യാനും വിവിധ മേഖലകളിലെ വൈദഗ്ധ്യം പങ്കിടാനും സന്ദർശനം അവസരമൊരുക്കിയതായും അൽ യഹ്യ പറഞ്ഞു.
ഇന്ത്യൻ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പരിഷ്കരണത്തിന്റെ വിഷയവും അൽ യഹ്യ ചൂണ്ടിക്കാട്ടി.
കുവൈത്തും ഇന്ത്യയും ഈ വിഷയത്തിൽ സമാന ആശങ്കകളും വീക്ഷണങ്ങളും പങ്കിടുന്നതായും വ്യക്തമാക്കി.കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരുമായുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചകൾ ഗുണപരവും ഫലവത്തായ ഭാവി സഹകരണത്തിന് അടിത്തറയിടുന്നതുമാണെന്നും അബ്ദുല്ല അൽ യഹ്യ കൂട്ടിചേർത്തു.
കുവൈത്തും ഇന്ത്യയും ചരിത്രപരവും ആഴമേറിയതുമായ ഉഭയകക്ഷി ബന്ധങ്ങളാൽ ബന്ധിതമാണെന്ന് കൂടിക്കാഴ്ചക്ക് പിറകെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ കുവൈത്ത് നിക്ഷേപവും കുവൈത്തിലെ ഇന്ത്യൻ പ്രവാസി സാന്നിധ്യവും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. കുവൈത്തിൽ ജോലി ചെയ്യുന്ന ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാരിൽ നിന്ന് പ്രതിവർഷം ഒരു ബില്യൺ യു.എസ് ഡോളറാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള വിശാലമായ സഹകരണവും മന്ത്രി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.