കുവൈത്ത് സിറ്റി: രാജ്യത്ത് വൻ ലഹരിവേട്ട. മയക്കുമരുന്ന് പ്രവർത്തനങ്ങൾക്കെതിരായ സുപ്രധാന നീക്കത്തിൽ ലഹരിവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറി കണ്ടെത്തി. രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് മരുഭൂമിക്ക് നടുവിലായിരുന്നു ഫാക്ടറി. ഇവിടെനിന്ന് മൂന്ന് പേരെ അന്വേഷണ സംഘം പിടികൂടി.
മയക്കുമരുന്നിനെതിരെ പോരാടുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ റെയ്ഡിൽ ഏകദേശം 90.5 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർഥങ്ങൾ കണ്ടെത്തി. 55 കിലോഗ്രാം ലിറിക്ക പൗഡർ, 35 കിലോഗ്രാം കെമിക്കൽ മയക്കുമരുന്ന് പദാർഥം, 500 ഗ്രാം ക്രിസ്റ്റൽ മെത്ത് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
600,000 സൈക്കോട്രോപിക് ഗുളികകൾ, 500,000 ലിറിക്ക ക്യാപ്സ്യൂളുകൾ, 100,000 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവയും അധികൃതർ കണ്ടുകെട്ടി.
സൈക്കോട്രോപിക് പദാർഥങ്ങൾ നിർമ്മിക്കുന്ന 12 പ്രത്യേക ഉപകരണങ്ങളും കണ്ടെത്തി. മരുഭൂമിയിൽ ഒറ്റപ്പെട്ട നിലയിൽ സഥാപിച്ച ഫാക്ടറിയിൽ നാർക്കോട്ടിക്, സൈക്കോട്രോപിക് പദാർഥങ്ങൾ കംപ്രസ്സുചെയ്യുന്നതിനും ഉൽപാദിപ്പിക്കുന്നതിനുമുള്ള നൂതന സാങ്കേതികവിദ്യ സജ്ജീകരിച്ചിരിന്നു. വിവിധ മെഷീനുകളും മറ്റു സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു.
പിടിച്ചെടുത്ത സാധനങ്ങളെയും പ്രതികളെയും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.മയക്കുമരുന്ന് വ്യാപാരം നിർമാണം ഉപയോഗം എന്നിവ ഉയർത്തുന്ന ഭീഷണി ചെറുക്കാൻ രാജ്യത്തുടനീളം ശക്തമായ പരിശോധന നടത്തിവരികയാണ്. പിടിയിലാകുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലഹരി ഫാക്ടറിക്ക് പിറകിൽ കൂടുതൽ പേരുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.