കുവൈത്ത് സിറ്റി: അമിത മയക്കുമരുന്ന് ഉപയോഗംമൂലം രാജ്യത്ത് കഴിഞ്ഞ വർഷം 144 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ 61 ശതമാനവും സ്വദേശികളും ബാക്കിയുള്ളവർ വിദേശികളാണെന്നും അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ 92 ശതമാനവും പുരുഷന്മാരാണ്. സ്കൂൾ തലം മുതൽ യൂനിവേഴ്സിറ്റിവരെയുള്ള വിദ്യാർഥികളെ ലഹരിമാഫിയ ലക്ഷ്യമിടുന്നു. 31നും 40നും ഇടയിൽ പ്രായമുള്ളവരാണ് അമിത ലഹരി ഉപയോഗം മൂലം മരിച്ചവരിൽ ഭൂരിഭാഗവും. ഈ വർഷം ഇതുവരെ ലഹരി അനുബന്ധ കേസുകളിൽ 3000ത്തോളം പേർ അറസ്റ്റിലായതായും അൽ ഖബസ് റിപ്പോർട്ട് ചെയ്തു. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ് പിടിയിലായവരിൽ ഭൂരിഭാഗവും. അടുത്തിടെ ഇതേ കുറ്റത്തിന് 860 പ്രവാസികളെ കയറ്റിയയച്ചിരുന്നു.
കഴിഞ്ഞ വർഷം 1700 കിലോ ഹഷീഷാണ് കുവൈത്ത് ലഹരിവിരുദ്ധസേന പിടികൂടിയത്. 10 ദശലക്ഷം മയക്കുമരുന്ന് ഗുളികകളും 30 കിലോ ഹെറോയിനും 200 കിലോ മെത്താംഫെറ്റാമൈനും പിടികൂടി.
അതേസമയം, വ്യാജ മയക്കുമരുന്നുകളും രാജ്യത്തേക്ക് കടത്തുന്നുണ്ട്. ഇവയുടെ ഉപയോഗം മരണം വർധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. ലാബുകളിൽ നടത്തിയ പരിശോധനയിൽ, അമിതമായി കഴിച്ച് മരിക്കുന്നതിന്റെ പ്രധാന കാരണം മായം കലർന്ന മരുന്നുകളാണെന്ന് കണ്ടെത്തിയതായും അൽ ഖബസ് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.