കുവൈത്ത് സിറ്റി: കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്സുമായി സഹകരിച്ച് എൻജിനീയറിങ്ങുമായി ബന്ധമുള്ള 71 തസ്തികകളിൽ തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് പരിശോധനക്ക് മാൻപവർ അതോറിറ്റി തയാറെടുക്കുന്നു. ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ ഡൊമെയ്നുകളിൽ പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസൈനർമാർ, എൻജിനീയറിങ് ഡ്രാഫ്റ്റ്സ്മാൻ, ആർക്കിടെക്ചർ ഉൾപ്പെടെയുള്ളവരുടെ സർട്ടിഫിക്കറ്റുകളാണ് പരിശോധിക്കുക. നിശ്ചിത യോഗ്യതയില്ലാത്തവരുടെ വർക്ക് പെർമിറ്റ് ആ തസ്തികയിൽ പുതുക്കി നൽകില്ല. നേരത്തേ എൻജിനീയർമാർക്ക് നടത്തിയ രീതിയിലുള്ള എഴുത്തുപരീക്ഷയും ഉണ്ടാകും.
കഴിവും യോഗ്യതയും ഇല്ലാത്തവരെ തൊഴിൽ വിപണിയിൽനിന്ന് പുറന്തള്ളാൻ ലക്ഷ്യമിട്ടാണ് മാൻപവർ അതോറിറ്റി യോഗ്യത പരീക്ഷ വിപുലപ്പെടുത്തുന്നത്. വിദേശികളെ കുറച്ചുകൊണ്ടുവന്ന് സ്വദേശി ഉദ്യോഗാർഥികൾക്ക് പരമാവധി അവസരമൊരുക്കുകയും പരിഷ്കരണത്തിന്റെ ലക്ഷ്യമാണ്. ഉൽപാദനക്ഷമത വർധിപ്പിക്കാനും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡിപ്ലോമ, ബിരുദം തുടങ്ങി വിവിധ യോഗ്യതകൾ നിഷ്കർഷിക്കുന്ന തസ്തികകളാണ് പട്ടികയിലുള്ളത്.
സ്വകാര്യ മേഖലയിലടക്കം വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാവുന്നതോടെ നിരവധി പേർക്ക് വിസ പുതുക്കാൻ കഴിയാതെ വരും. അക്കാദമിക വിദ്യാഭ്യാസമില്ലാതെ ടെക്നീഷ്യൻ, സെയിൽസ് ആൻഡ് സർവിസ് തുടങ്ങിയ മേഖലകളിൽ പതിനായിരക്കണക്കിന് വിദേശികളാണ് തൊഴിലെടുക്കുന്നത്. ഇവർക്ക് ഒന്നുകിൽ തസ്തിക മാറ്റിയടിക്കുക, അല്ലെങ്കിൽ തിരിച്ചുപോവുക എന്നത് മാത്രമാകും വഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.