കുവൈത്ത് സിറ്റി: വിദേശ പൗരന്മാർ വൈദ്യുതി, ജലം എന്നിവക്ക് നൽകാനുള്ള കുടിശ്ശിക പിരിച്ചെടുക്കൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടപ്പാക്കിത്തുടങ്ങി. സെപ്റ്റംബർ ഒന്നു മുതൽ കുടിശ്ശിക ഒടുക്കാതെ പ്രവാസികൾക്ക് രാജ്യം വിടാനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിൽ ഇവ പരിശോധിക്കാനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ഫ്ലാറ്റും സ്ഥാപനങ്ങളും വാടകക്ക് എടുത്തവർക്ക് വൈദ്യുതി കുടിശ്ശിക ഉണ്ടോ എന്ന് പരിശോധിച്ചാണ് കടത്തിവിട്ടത്.
രാജ്യം വിടുന്നതിന് മുമ്പ് പ്രവാസികളുടെ കടങ്ങൾ ഈടാക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി സർക്കാർ ഏജൻസികളും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള ഏകോപനത്തിലൂടെയാണ് നടപടികൾ ആരംഭിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക നഷ്ടം തടയാനും കടങ്ങൾ തിരിച്ചുപിടിക്കാനുമായാണ് നടപടി. പ്രവാസികളും സന്ദർശകരും രാജ്യം വിടുംമുമ്പ് ഗതാഗത പിഴകൾ ഒടുക്കണമെന്ന നിയമം കഴിഞ്ഞമാസം നിലവിൽ വന്നിരുന്നു. ഗതാഗത നിയമലംഘന പിഴ ഒടുക്കാതെ വ്യക്തികൾക്കും വാഹനങ്ങൾക്കും നിലവിൽ രാജ്യത്തിന് പുറത്തേക്ക് പോകാനാകില്ല. അതിർത്തികളിലും വിമാനത്താവളത്തിലും ഇതിനായി സജ്ജീകരണങ്ങൾ ഒരുക്കി.
വിവിധ കേസുകളിൽ ഉൾപ്പെടുന്നവർക്ക് നിയമപ്രശ്നം കാരണം നേരത്തേ മുതൽ യാത്രാവിലക്ക് ഏർപ്പെടുത്തി വരുന്നുണ്ട്. ഇതിന് പുറമെയാണ് വിവിധ മന്ത്രാലയങ്ങളും നടപടി ശക്തമാക്കുന്നത്. പ്രവാസികൾക്ക് അവശ്യസേവനങ്ങൾ നൽകുന്ന മറ്റ് മന്ത്രാലയങ്ങളും സമാന രീതി പിന്തുടരുമെന്ന് സൂചനയുണ്ട്.
രാജ്യത്തുനിന്ന് പുറപ്പെടാൻ ഉദ്ദേശിക്കുന്ന വിദേശ പൗരന്മാർ കുടിശ്ശികയുള്ള വൈദ്യുതി, ജല ബില്ലുകൾ തീർപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സഹൽ ആപ്, സർക്കാർ ഇലക്ട്രോണിക് സേവനങ്ങൾ എന്നിവ വഴി ബിൽ ഓൺലൈനായി അടക്കാം. എല്ലാവരോടും നിയമവ്യവസ്ഥകൾ പാലിക്കാനും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.