കുവൈത്ത് സിറ്റി: കേരളത്തിലെ പ്രളയദുരന്ത ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം. പ്രളയപശ്ചാത്തലത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് പ്രവാസി സംഘടന പ്രതിനിധികൾ കേരളജനതക്കൊപ്പം തങ്ങളുണ്ടെന്ന് പ്രഖ്യാപിച്ചത്.
പ്രളയദുരന്തത്തിനിരയായവരുടെ ദുഃഖത്തിൽ പങ്കു ചേരാനും പുനർനിർമാണ പ്രക്രിയകളിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിെൻറ പിന്തുണ ഉറപ്പാക്കാനുമാണ് അംബാസഡർ സിബി ജോർജ് സംഘടന നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചുചേർത്തത്.
ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കുവേണ്ടിയുള്ള മൗനപ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. പ്രതിസന്ധിയുടെ ഘട്ടത്തിൽ കേരള ജനതക്കൊപ്പം നിലകൊള്ളേണ്ടതിെൻറ പ്രാധാന്യം അംബാസഡർ എടുത്തുപറഞ്ഞു. തുടർന്ന് സംഘടന നേതാക്കൾ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ചു.
പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിദേശത്തുനിന്നുള്ള സഹായം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യമായി വരുന്ന സാഹചര്യത്തിൽ ധനസമാഹരണം ഉൾപ്പെടെയുള്ള ശ്രമങ്ങൾ ആരംഭിക്കാമെന്നും ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിെൻറയും മറ്റു പ്രവാസി സംഘടനകളുടെയും ഏകോപനത്തോടെയാകും ഇതെന്നും യോഗത്തിൽ ധാരണയായി.
തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഐ.സി.എസ്.ജി മെംബറും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറുമായ ഡോ. അമീർ അഹ്മദിനെ അംബാസഡർ ചുമതലപ്പെടുത്തി. സ്വന്തംനിലക്ക് സഹായം നൽകാൻ ഉദ്ദേശിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് അയക്കാമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.