കുവൈത്ത് സിറ്റി: കുവൈത്തിലെത്താൻ യു.എ.ഇക്ക് പകരം പുതിയ ട്രാൻസിറ്റ് കേന്ദ്രങ്ങൾ തേടി പ്രവാസികൾ. ഇന്ത്യ ഉൾപ്പെടെ 34 രാജ്യക്കാർക്ക് നേരിട്ട് കുവൈത്തിലേക്ക് വരാൻ കഴിയില്ല. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് കോവിഡ് ഇല്ലെങ്കിൽ കുവൈത്തിൽ വരാം. ദുബൈ ആയിരുന്നു ഇന്ത്യക്കാർ ഉൾപ്പെടെ പ്രധാനമായും ഇതിന് ആശ്രയിച്ചിരുന്നത്. വിസ നടപടിക്രമങ്ങളിലെ എളുപ്പവും താരതമ്യേന കുറഞ്ഞ അക്കമഡേഷൻ ചെലവും ആണ് ഇതിന് കാരണം.
എന്നാൽ, കൂടുതൽ പേർ ഇൗ വഴി തെരഞ്ഞെടുത്തതോടെ വിമാന ടിക്കറ്റ് നിരക്ക് 14 ഇരട്ടി വരെ വർധിച്ചു. ഇത് എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. ദുബൈയിൽ എത്തിയ നിരവധി പേർക്ക് കുവൈത്തിലേക്കുള്ള കൂടിയ നിരക്ക് താങ്ങാനാവാതെ തിരിച്ചുപോവേണ്ടിവന്നു. ഇൗ സാഹചര്യത്തിലാണ് ഇനി വരാനുള്ള പലരും പുതിയ ട്രാൻസിറ്റ് കേന്ദ്രം തേടുന്നത്. തുർക്കിയാണ് ഇന്ത്യക്കാർ കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത്. ഇൗജിപ്തിൽനിന്നുള്ളവർ ഇത്യോപ്യയെ ഇടത്താവളമാക്കുന്നു. ചില ഇന്ത്യക്കാരും ഇത്യോപ്യ ഇടത്താവളമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ ദുബൈ പ്രവേശന നടപടികൾ കർശനമാക്കിയിട്ടുമുണ്ട്.
ദുബൈ, കുവൈത്ത് സെക്ടറിൽ നവംബർ അവസാനം വരെ ടിക്കറ്റ് കിട്ടാനില്ലെന്നാണ് റിപ്പോർട്ട്. കോവിഡ് കാലത്തിന് മുമ്പ് 500 ദിർഹമിന് (ഏകദേശം 40 കുവൈത്തി ദീനാർ) കിട്ടിയിരുന്ന ടിക്കറ്റിനാണ് 700 ദീനാറിന് മുകളിൽ ഇൗടാക്കുന്നത്. അത്തരത്തിൽ തുടക്കത്തിൽ വന്ന ആളുകൾക്ക് താരതമ്യേന ന്യായമായ വിലക്ക് ടിക്കറ്റ് കിട്ടിയിരുന്നു. എന്നാൽ, പിന്നീട് എത്തിയവർ കടുത്ത ചൂഷണത്തിന് ഇരയാവുന്നു.
നാട്ടിൽനിന്ന് ടിക്കറ്റ് എടുക്കാതെ ദുബൈയിലെത്തിയ പ്രവാസികൾ അമിത നിരക്കിൽ പകച്ചുപോയി. പലർക്കും തിരിച്ചുപോവേണ്ടി വന്നു. കുവൈത്തിൽ പുതിയ പ്രോജക്ടുകൾ കിട്ടിയ ചില ചൈനീസ്, ഫിലിപ്പീനോ കമ്പനികൾ തങ്ങളുടെ ജോലിക്കാരെ കൂട്ടമായി ദുബൈ വഴി കൊണ്ടുവരുന്നതും സാധാരണ പ്രവാസികളുടെ വരവുമാണ് ടിക്കറ്റ് വില കൂടുന്നതിനു കാരണമായി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.