കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് രണ്ട് പുതിയ മന്ത്രിമാരെ നിയമിച്ചു. ധനമന്ത്രിയായി ഫഹദ് അൽ ജറല്ലയും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയായി ഡോ. ആദിൽ അൽമാനിയയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഞായറാഴ്ച ബയാൻ പാലസിൽ കിരീടാവകാശിയുടെയും പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെയും സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം.
രാജ്യത്തിന്റെ അഭിവൃദ്ധിക്കായി പ്രയത്നിക്കണമെന്ന് ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പുതിയ മന്ത്രിമാരെ ഉപദേശിച്ചു.
സത്യപ്രതിജ്ഞ ചടങ്ങിൽ ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് തുടങ്ങിയവർ പങ്കെടുത്തു.
ജൂലൈയിൽ മനാഫ് അബ്ദുൽ അസീസ് അൽ ഹജ് രി രാജിവെച്ചതിനെ തുടർന്നാണ് ധനമന്ത്രിയായി ഫഹദ് അൽ ജറല്ല നിയമിതനായത്. ഇന്ധനകാര്യ മന്ത്രി സാദ് അൽ ബാരക് ആണ് ആക്ടിങ് ധനമന്ത്രിയായി പ്രവർത്തിച്ചിരുന്നത്. മൂന്നുമാസം മാത്രമാണ് മനാഫ് അബ്ദുൽ അസീസ് അൽ ഹജ് രി ധനമന്ത്രിയായിരുന്നത്.
ധനമന്ത്രാലയത്തിൽ അസി. അണ്ടർ സെക്രട്ടറിയായി ആഗസ്റ്റിൽ നിയമിതനായ ഫഹദ് അൽ ജറല്ല, പ്രമുഖ വ്യവസായിയുമാണ്. കമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്ത്, നൂർ ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റ് കമ്പനി ബോർഡുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.