കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളുടേത് ഉൾപ്പെടെ വ്യാജ വെബ്സൈറ്റുകൾ വ്യാപകം. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉൾപ്പെടെ വ്യാജ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നു. വിദേശത്തുനിന്ന് തയാറാക്കപ്പെട്ടതാണ് പലതും. അധികൃതർ വിഷയത്തിൽ ജാഗ്രതയിലാണ്. ബ്ലോക്ക് ചെയ്യുന്നതിനനുസരിച്ച് പുതിയ ഡൊമൈൻ ഉപയോഗിച്ച് വീണ്ടും സൈറ്റ് ഉണ്ടാക്കുന്നതാണ് വെല്ലുവിളിയാകുന്നത്. സംശയകരമായ വെബ്സൈറ്റുകളിൽ ആധികാരികത ഉറപ്പാക്കാതെ വ്യക്തിഗത വിവരങ്ങൾ നൽകുകയോ പണമടക്കുകയോ ചെയ്യരുത്.
എസ്.എം.എസ്/വാട്സ്ആപ് ലിങ്ക് വഴി വിവരങ്ങൾ തേടുന്നതാണ് മിക്ക വ്യാജ വെബ്സൈറ്റുകൾ. ഷോപ്പിങ് വെബ്സൈറ്റുകൾ വ്യാജമായി സൃഷ്ടിച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. പൊതു വൈഫൈ കണക്ഷൻ ഉപയോഗിച്ച് ഇത്തരം ഇടപാട് നടത്തരുത്, അറിയപ്പെടാത്ത വെബ്സൈറ്റുകൾക്ക് വൻതുക അയക്കരുത്, വിശ്വാസ്യതയുള്ളതാണെന്ന് ഉറപ്പുവരുത്തണം, സംശയം തോന്നുന്നരീതിയിൽ അതിശയിപ്പിക്കുന്ന ഓഫറുകളുമായി എത്തുന്ന സൈറ്റുകളിൽ പ്രത്യേകം ശ്രദ്ധിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സൈബർ വിദഗ്ധർ നൽകുന്നത്.
സമീപകാലത്ത് ഇത്തരം തട്ടിപ്പുകൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പൊലീസ് ആണെന്നു പറഞ്ഞ് വിളിച്ചും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോ ഉൾപ്പെടുത്തിയ വ്യാജ വെബ്സൈറ്റിൽനിന്ന് ലിങ്ക് അയച്ചും തട്ടിപ്പിന് ശ്രമിക്കുന്നുണ്ട്. വിവരങ്ങൾ നൽകാത്തവരോട് സിവിൽ ഐഡി ബ്ലോക്ക് ആകുമെന്ന് ഭീഷണി മുഴക്കുന്നുമുണ്ട്. വിവരങ്ങൾ ചോദിച്ച ശേഷം ഒ.ടി.പി ആയി അയച്ച ലിങ്ക് തുറന്ന് നമ്പർ അയക്കാനും ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്താൽ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
നേരത്തേ തന്നെ ബാങ്കിൽനിന്ന് എന്ന പേരിലും സിവിൽ ഐഡി ഒാഫിസിൽനിന്ന് എന്നു പറഞ്ഞും തട്ടിപ്പ് കാളുകളും മെസേജുകളും വരാറുണ്ട്. ഇതിന് പ്രതികരിച്ച നിരവധി പേരുടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായിരുന്നു. ഇത്തരത്തിൽ ആരെയും വിളിക്കുന്നില്ലെന്നും ഫോൺ കാളുകൾക്ക് പ്രതികരിച്ച് നിർണായക വിവരങ്ങൾ നൽകരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.