കുവൈത്ത് സിറ്റി: തൊഴിലാളികൾക്കെതിരെ തൊഴിലുടമകൾ കള്ളക്കേസ് നൽകുന്നത് തടയുമെന്ന് മാൻപവർ അതോറിറ്റി. ചില തൊഴിലുടമകൾ തങ്ങളുടെ മോശം പ്രവൃത്തികൾക്ക് മറയായി കള്ളക്കേസ് നൽകുന്നു. സ്പോൺസർമാരിൽനിന്ന് ഒളിച്ചോടുന്നത് നിയമവിരുദ്ധമായത് മറയാക്കുകയാണിവർ. തൊഴിലാളികളുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിക്കും. ഒളിച്ചോട്ടക്കേസുകളിൽ സുതാര്യമായ അന്വേഷണം നടത്തി നീതിയുക്തമായി തീരുമാനമെടുക്കും. ഗാർഹിക തൊഴിലാളികൾക്ക് നാടുകടത്തൽ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് മറ്റു സ്പോൺസർമാരുടെ കീഴിലേക്ക് മാറാൻ കൂടുതൽ അവസരം നൽകും.
തൊഴിലാളിക്ക് താൽപര്യമുണ്ടെങ്കിൽ മറ്റൊരു തൊഴിലുടമക്ക് കീഴിലേക്ക് മാറാൻ അനുവദിക്കും. ഒളിച്ചോട്ട പരാതി സമർപ്പിക്കപ്പെട്ടു കഴിഞ്ഞാൽ തിരിച്ചുപോകുകയല്ലാതെ മറ്റൊരു വഴിയില്ല എന്ന സ്ഥിതി ഉണ്ടാകില്ല. ആഭ്യന്തര മന്ത്രാലയവും മാൻപവർ അതോറിറ്റിയും വിഷയത്തിൽ ചർച്ച നടത്തി. ഗാർഹികത്തൊഴിലാളികളോട് മോശം സമീപനമുണ്ടാകുന്നത് വർധിക്കുന്നതായും ഇത് അന്താരാഷ്ട്ര സമൂഹത്തിൽ കുവൈത്തിെൻറ പ്രതിച്ഛായ നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ മാൻപവർ അതോറിറ്റി വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്.
തൊഴിലാളികളോട് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്യുന്ന തൊഴിലുടമകളെ കരിമ്പട്ടികയിൽപെടുത്തണമെന്ന് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 'വാച്ച്ഡോഗ്' എന്ന കുവൈത്തി സംഘടന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
തൊഴിലാളികളുടെ ഭാഗത്തുനിന്നുള്ള പരാതികൾ വർധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ പരാതികളിൽ നടപടി വേഗത്തിലാക്കണം. നടപടികൾ വൈകുന്നത് പീഡനങ്ങൾ ആവർത്തിക്കാൻ കാരണമാകും. തൊഴിൽ കരാർ കാലാവധി കഴിഞ്ഞതിനു ശേഷവും ചിലർ ജോലിയെടുപ്പിക്കുന്നു. ശമ്പളം പിടിച്ചുവെക്കുന്നതും ചികിത്സ സൗകര്യമൊരുക്കാത്തവരുമുണ്ട്.
കുവൈത്തിെൻറ അന്തസ്സ് കാത്തുസൂക്ഷിച്ചേ മതിയാകൂ. അതിന് ഗാർഹികത്തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന സ്പോൺസർമാരെ കരിമ്പട്ടികയിൽപെടുത്തൽ അനിവാര്യമാണ്. ഇത്തരക്കാർക്ക് പിന്നീട് ജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ കഴിയരുത്. അല്ലെങ്കിൽ കടുത്ത വ്യവസ്ഥകൾക്ക് വിധേയമായി മാത്രം റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന് 'വാച്ച് ഡോഗ്' മേധാവി ബസ്സാം അൽ ശമ്മാരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.