കുവൈത്ത് സിറ്റി: രാജ്യത്ത് രക്തം ലഭിക്കാനുള്ള സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ഫീസ് മേഖലയിലെ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതീകാത്മകം മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം. പ്രവാസികൾക്ക് രക്തം ലഭിക്കാനുള്ള സേവനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അടുത്തിടെ ഫീസ് ഏർപ്പെടുത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് വിശദീകരണം. രക്തബാഗുകളുടെ സംരക്ഷണം, കൈമാറ്റം, ലബോറട്ടറി പരിശോധന തുടങ്ങിയ അഡ്മിനിസ്ട്രേറ്റിവ് നടപടിക്രമങ്ങൾക്കാണ് ഫീസ് ഈടാക്കുന്നതെന്നും മന്ത്രാലയത്തിലെ ബ്ലഡ് ബാങ്ക്, ലബോറട്ടറി ടെസ്റ്റുകൾ എന്നിവ നൽകുന്ന സേവനങ്ങളുടെ വിലകൾ പഠിക്കാനുള്ള കമ്മിറ്റി അറിയിച്ചു.
സ്പെഷലിസ്റ്റുകൾ അടങ്ങുന്ന സമിതി മുഖേന ഒന്നരവർഷത്തെ പഠനത്തിനുശേഷമാണ് നിശ്ചിത ഫീസ് തീരുമാനിച്ചതെന്നും രക്തം ലഭിക്കാൻ ആവശ്യമായ അടിയന്തര മെഡിക്കൽ കേസുകൾ, ഗുരുതരമായ കേസുകൾ, കുട്ടികളുടെ കേസുകൾ, കാൻസർ എന്നിവയെ ഫീസിൽനിന്ന് ഒഴിവാക്കിയതായും അറിയിച്ചു.
രക്തം ‘വിൽപനക്കോ വാങ്ങലിനോ ഉള്ള ഒരു ചരക്കല്ല’ എന്നും വ്യക്തമാക്കി. റെസിഡൻസി വിസയുള്ള പ്രവാസിയിൽനിന്ന് ബ്ലഡ് ബാഗിന് 20 ദീനാർ, സന്ദർശന വിസയിൽ എത്തുന്ന പ്രവാസിക്ക് 40 ദീനാർ എന്നിവയാണ് നിശ്ചയിച്ചത്. രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട 37 ലാബ് പരിശോധനകൾക്കും പ്രവാസികളിൽനിന്ന് ഫീസ് ഈടാക്കും.
റെസിഡൻസി വിസയിലുള്ള പ്രവാസികൾക്ക് 15 ദീനാർ വരെയും സന്ദർശകർക്ക് കുറഞ്ഞത് അഞ്ചു ദീനാറും 70 ദീനാറിനും ഇടയിലുമാണ് പുതുക്കിയ ഫീസ്.
ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻറൈറ്റ്സ് ശക്തമായി രംഗത്തുവന്നിരുന്നു. ആരോഗ്യസേവനം ലഭിക്കാന്‍ എല്ലാവര്ക്കും അര്‍ഹതയുണ്ട്. ഇത്തരം തീരുമാനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ യശസ്സിന് കളങ്കം വരുത്തുമെന്ന് ഹ്യൂമൻറൈറ്റ്സ് വ്യക്തമാക്കി.
സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയിൽ കുവൈത്തും ഭാഗമാണ്. അന്താരാഷ്ട്ര കൺവെൻഷന്റെ ആർട്ടിക്കിൾ അഞ്ചാം ഖണ്ഡികയിലെ നാലാം വകുപ്പിന്റെ ലംഘനമാണ് പുതിയ തീരുമാനമെന്നും കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻറൈറ്റ്സ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.