കുവൈത്ത് സിറ്റി: ചാരിറ്റി അസോസിയേഷനുകള്‍ക്കും ഫൗണ്ടേഷനുകള്‍ക്കും പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം. ചാരിറ്റി അസോസിയേഷനുകളും ഫൗണ്ടേഷനുകളും സാമ്പത്തിക സഹായ കൈമാറ്റം നടത്തുന്നത് ബാങ്കുകൾ വഴി മാത്രമായിരിക്കണമെന്നതാണ് പ്രധാന നിർദേശം.
ഇതിനൊപ്പം ചെക്കുകൾ നൽകുന്നത് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തൽ, മന്ത്രാലയവും ബാങ്കുകളും തമ്മിലുള്ള ഇലക്ട്രോണിക് ലിങ്കിങ്ങിലൂടെ സാമ്പത്തിക ഇടപാടുകൾ സുഗമമാക്കൽ, ചാരിറ്റബ്ൾ അസോസിയേഷനുകളും ഫൗണ്ടേഷനുകളും സാധാരണ ബാങ്കിങ് പ്രവർത്തനങ്ങൾക്ക് മുൻകൂർ അനുമതി നേടേണ്ടതില്ല എന്നിവയും മുന്നോട്ടുവെച്ചിട്ടുണ്ട്.
സുരക്ഷിതവും സുതാര്യതയും നിലനിർത്തി സാമ്പത്തിക നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പുതിയ നിയന്ത്രണങ്ങൾ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
സാമൂഹിക കാര്യ മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ അജ്മിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രാദേശിക ബാങ്കുകളിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചാരിറ്റബ്ൾ സൊസൈറ്റികൾ, ഫൗണ്ടേഷനുകൾ, സിവിൽ സൊസൈറ്റി അസോസിയേഷനുകൾ എന്നിവയുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.