കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി നൽകിയ അഞ്ച് ആംബുലൻസുകൾ ലഭിച്ചതായി ഗസ്സയിലെ ആരോഗ്യ അധികൃതർ അറിയിച്ചു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ ദുരിതാഹ്വാനത്തോട് ആദ്യം പ്രതികരിച്ചത് കുവൈത്താണെന്നും ഗസ്സയിലേക്ക് ആംബുലൻസുകൾ എത്തിക്കുന്ന ആദ്യത്തെ രാജ്യമാണ് കുവൈത്തെന്നും ഗസ്സയിലെ ഫലസ്തീൻ അതോറിറ്റി മന്ത്രാലയത്തിലെ സഹായ രസീത് കമ്മിറ്റി മേധാവി ഡോ. മഹമൂദ് ഹമ്മദ് വ്യക്തമാക്കി.
കുവൈത്ത് അമീർ, സർക്കാർ, ജനങ്ങൾ, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, ചാരിറ്റബ്ൾ സൊസൈറ്റികൾ എന്നിവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. വ്യാഴാഴ്ച അയച്ച മൂന്ന് ആംബുലൻസുകൾ അടക്കം കുവൈത്ത് ഇതുവരെ ഗസ്സയിലേക്ക് 17 ആംബുലൻസുകൾ അയച്ചിട്ടുണ്ട്. ഇതിൽ പലതും തീവ്രപരിചരണ യൂനിറ്റ് (ഐ.സി.യു) ഉപകരണങ്ങളുള്ളതാണ്. ഇസ്രായേൽ ആശുപത്രികളിൽ അടക്കം ബോംബിടുകയും ആക്രമണം തുടരുകയും ചെയ്യുന്നതിനാൽ ഗസ്സയിൽ അടിയന്തര വൈദ്യസഹായത്തിന് പോലും പ്രയാസം നേരിടുകയാണ്.
ഇതിന് ആശ്വാസമായാണ് കുവൈത്ത് ആംബുലൻസുകൾ അയക്കുന്നത്. എന്നാൽ, ഇസ്രായേൽ നിയന്ത്രണങ്ങൾ മൂലം സഹായം ഗസ്സയിലെത്താൻ ഏറെ സമയമെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.