കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം വീണ്ടും കുവൈത്ത്-കോഴിക്കോട് വിമാനം റദ്ദാക്കൽ. ഇത്തവണയും എയർ ഇന്ത്യ എക്സ്പ്രസാണ് സർവിസ് വെട്ടിക്കുറച്ചത്. മാർച്ചിൽ രണ്ടു ദിവസം (6, 13 ദിവസങ്ങളിൽ) കോഴിക്കോട്, കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ഉണ്ടാകില്ലെന്നാണ് അറിയിപ്പ്.
ഈ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്ന് രാവിലെ കുവൈത്തിലേക്കുള്ള സർവിസും തിരിച്ച് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുമുള്ള സർവിസും ഉണ്ടാകില്ല. മാർച്ചിലെ ആദ്യ രണ്ട് ചൊവ്വാഴ്ചകളിലെ സർവിസാണ് റദ്ദാക്കിയത്. സർവിസ് റദ്ദാക്കാനുള്ള കാരണം വ്യക്തമല്ല.
ഈ മാസം ആദ്യത്തിൽ കുവൈത്തിൽനിന്ന് കണ്ണൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകൾ ഒരു ദിവസം എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു. ഇതിനു പിറകെയാണ് മാർച്ചിലെ പുതിയ റദ്ദാക്കൽ. യു.എ.ഇയിൽനിന്ന് കോഴിക്കോട്ടേക്കുള്ള നാല് എയർ ഇന്ത്യ വിമാനങ്ങളുടെ ബുക്കിങ് എയർ ഇന്ത്യ അവസാനിപ്പിച്ചിട്ടുണ്ട്. മാർച്ച് 27 മുതൽ ഈ സർവിസുകളുടെ ബുക്കിങ് സ്വീകരിക്കില്ലെന്നാണ് അറിയിപ്പ്.
ഈ സർവിസുകൾ പൂർണമായും നിർത്തുന്നതിന്റെ ഭാഗമായാണോ ബുക്കിങ് അവസാനിപ്പിക്കുന്നതെന്ന സംശയം പ്രവാസികൾ ഉയർത്തിയിട്ടുണ്ട്. കോഴിക്കോട്ടുനിന്നുള്ള കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസുകളെയും ഇത് ബാധിക്കുമോ എന്ന ആശങ്കയും കുവൈത്ത് മലയാളികൾക്കുണ്ട്. പ്രവാസികൾ ഏറെ ആശ്രയിക്കുന്നവയാണ് എയർ ഇന്ത്യ വിമാനങ്ങൾ.
അടുത്തിടെയായി എയർ ഇന്ത്യയുടെ കോഴിക്കോട്, കണ്ണൂർ സർവിസുകൾ നിരന്തരം താളംതെറ്റിയിരുന്നു. സമയക്രമം തെറ്റലും വിമാനം റദ്ദാക്കലും പതിവായതോടെ യാത്രക്കാർക്ക് വലിയ പ്രയാസം നേരിട്ടിരുന്നു. ഇത് പരിഹരിച്ചുവരുന്നതിനിടെയാണ് വിമാനം റദ്ദാക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.