കുവൈത്ത് സിറ്റി: വിമാന സർവിസുകളുടെ അഭാവംമൂലം വിദ്യാർഥികൾക്ക് നീറ്റ് (NEET), JEE (ജെ.ഇ.ഇ), കീം (KEAM) മുതലായ പ്രവേശന പരീക്ഷകളിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥ മുന്നിൽ കണ്ട് ചില രക്ഷിതാക്കളുടെ പരിശ്രമം. കുവൈത്തിൽനിന്ന് തുടർ വിദ്യാഭ്യാസത്തിനും ഉപരിപഠന സംബന്ധമായ പ്രവേശന പരീക്ഷകൾക്കും നാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ചാർട്ടേഡ് വിമാനം എന്ന ലക്ഷ്യത്തിനായി രക്ഷിതാക്കൾ സംഘടിക്കുകയായിരുന്നു. സ്കൂൾ ഗ്രൂപ്പുകൾ, ട്യൂഷൻ ബാച്ചുകൾ, കുവൈത്ത് എൻജിനീയേഴ്സ് ഫോറം, മറ്റു വിവിധ സംഘടനകൾ എന്നിവ വഴി മാതാപിതാക്കൾ വാട്സ്ആപ് ഗ്രൂപ് തുടങ്ങുകയും പിന്നീട് അതിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കുകയും ചെയ്തു. കണ്ണൻ, ജോർജി മത്തായി, ജയപ്രകാശ്, രാജേഷ് സാഗർ, സഗീർ ഇബ്രാഹിം എന്നീ രക്ഷിതാക്കളാണ് നേതൃത്വം നൽകുന്നത്. കുവൈത്തിലെ 12 ഇന്ത്യൻ സ്കൂളുകളിൽനിന്നും ഉള്ള വിദ്യാർഥികൾ ഈ ഗ്രൂപ്പിലുണ്ട്.
സി.ബി.എസ്.ഇ 12ാം ക്ലാസിെൻറ അവസാനത്തെ രണ്ട് പരീക്ഷകൾ റദ്ദാക്കിയത് മുതൽ തുടങ്ങിയ അനിശ്ചിതത്വം വിദ്യാർഥികളെയും രക്ഷിതാക്കളെയും കടുത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ടിരുന്നു. ക്വാറൻറീൻ സൗകര്യങ്ങൾ വേണ്ടവർക്ക് കൊച്ചിയിൽ മികച്ച സേവനങ്ങളോടെ മുൻനിര ഹോട്ടൽമുറികൾ മിതമായ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്.ഇപ്പോഴത്തെ പശ്ചാത്തലത്തിൽ കുവൈത്തിൽ പരീക്ഷാകേന്ദ്രം ലഭിക്കാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കിയതിലൂടെ മുന്നോട്ടുള്ള ഏക മാർഗം ചാർട്ടേഡ് വിമാനമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന്, കാര്യങ്ങൾ ദ്രുതഗതിയിൽ നീക്കി.
നാട്ടിൽ ഗുരുതരമായിക്കൊണ്ടിരിക്കുന്ന കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളെ അയക്കാൻ പലർക്കും ഭയം ഉണ്ടായിരുന്നു. കുട്ടികളോടൊപ്പം നാട്ടിലേക്ക് പോയാൽ എന്ന് തിരിച്ചുവരാൻ പറ്റുമെന്ന് അറിയാത്ത അവസ്ഥയിൽ ഒരു തീരുമാനം എടുക്കാനാവാതെ രക്ഷിതാക്കൾ വലഞ്ഞു. തിരിച്ചുവരുമ്പോൾ ജോലി കാണുമോ എന്നുള്ള ആശങ്ക ഒരു വശത്ത്, കുട്ടികളെ നാട്ടിൽ വിട്ടില്ലെങ്കിൽ പ്രവേശന പരീക്ഷ എഴുതാൻ കഴിയാതെ ഒരു വർഷം നഷ്ടപ്പെടുമെന്ന ദുഃഖം മറുവശത്ത്.
ഒടുവിൽ കുട്ടികളുടെ ഭാവിക്ക് മുൻതൂക്കം നൽകി വിമാനം ചാർട്ടർ ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോയി. കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ എൻ. അജിത് കുമാറിെൻറ സഹായം തുണയായതായി രക്ഷിതാക്കൾ പറയുന്നു. വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ 325 യാത്രക്കാരുമായി കുവൈത്ത് എയർവേസ് വിമാനം ജൂൺ 26ന് കൊച്ചിയിലേക്ക് പുറപ്പെടാൻ ഇനി തടസ്സം കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേരള സർക്കാർ ഉത്തരവാണ്. അത് നീങ്ങിക്കിട്ടുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.