കുവൈത്ത് സിറ്റി: നാട്ടിൽനിന്നുള്ള വിമാന സർവിസുകൾ ഇല്ലാത്തതിനാൽ അവധിക്ക് നാട്ടിൽപോയി തിരിച്ചുവരാൻ കഴിയാതെ നിരവധി പ്രവാസികൾ മനോസംഘർഷം അനുഭവിക്കുന്നു. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ ഭാവിയെപ്പറ്റി ഓർത്ത് കടുത്ത നിരാശയിലാണിവർ. അടിയന്തരാവശ്യങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തെ ഹ്രസ്വകാല അവധിയിൽ പോയവർ മുതൽ പതിവ് വാർഷികാവധിക്ക് പോയവർ വരെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നു. കുറച്ചുദിവസത്തേക്ക് പോയ ചിലരുടെ കുടുംബം ഇവിടെയാണ്. മുന്നറിയിപ്പില്ലാതെ പെെട്ടന്നാണ് കുവൈത്തിലേക്കുള്ള വിമാന സർവിസുകൾ നിർത്തിയെന്ന പ്രഖ്യാപനം വന്നത്. യാത്രക്ക് തയാറായി വിമാനത്താവളത്തിൽ എത്തിയവർക്ക് വരെ മടങ്ങേണ്ടി വന്നു. മാർച്ച് ഏഴിനാണ് കുവൈത്ത്, ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസ് നിർത്തിയത്.
കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിമാനത്താവളത്തിൽ സ്ഥാപിക്കാൻ ഒരാഴ്ചത്തേക്ക് നിർത്തുന്നുവെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കോവിഡ് പ്രതിസന്ധി മൂർച്ഛിച്ചതിനാൽ പിന്നീട് സർവിസ് പുനഃസ്ഥാപിച്ചില്ല. ഇതിനിടെ കുവൈത്തിൽനിന്ന് നാട്ടിലേക്ക് ചാർേട്ടഡ് വിമാന സർവിസുകൾ ആരംഭിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരെയും പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്തിച്ചു. എന്നാൽ, നാട്ടിൽ കുടുങ്ങിയവർക്ക് തിരികെവരാൻ വഴിയുണ്ടായില്ല. ഏതാനും ദിവസം കൊണ്ട് ശരിയാവുമെന്ന് പ്രതീക്ഷിച്ചവർ മാസങ്ങൾ നീണ്ടതോടെ ആകെ നിരാശരായി. ജോലി നഷ്ടപ്പെട്ടവരും ജോലിനഷ്ട ഭീഷണിയിലുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ആറുമാസത്തിനകം തിരിച്ചെത്തിയില്ലെങ്കിൽ ഇഖാമ റദ്ദാവുമെന്ന നിയമത്തിൽ കുവൈത്ത് ഇളവ് നൽകിയതായി റിപ്പോർട്ടുണ്ടെങ്കിലും ഇഖാമ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയാത്തതിനാൽ ആശങ്കയിലാണ് പലരും. വിസ കാലാവധി കഴിയാനായവർക്ക് സ്പോൺസർമാർ വഴിയോ മൻദൂബ് വഴിയോ പുതുക്കാൻ അവസരമുണ്ടായിരുന്നു. ഇത് അറിയാതെ കാലാവധി കഴിഞ്ഞ 40,000 വിദേശികളുടെ ഇഖാമ റദ്ദായി.
പ്രത്യേക ഇളവ് നൽകി ഇവർക്ക് വിസ പുതുക്കാനും തിരിച്ചുവരാനും അവസരമൊരുക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി കഴിഞ്ഞദിവസം പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനമോ സ്ഥിരീകരണമോ ഉണ്ടായിട്ടില്ല. ആഗസ്റ്റ് മുതൽ കുവൈത്ത് വിമാനത്താവളം വഴി കമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കുന്നുവെന്ന പ്രഖ്യാപനത്തിലാണ് നാട്ടിൽ കുടുങ്ങിയവരുടെ പ്രതീക്ഷ. ഇന്ത്യയിൽ കോവിഡ് വ്യാപനം പരിധിവിടുന്ന പശ്ചാത്തലത്തിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. അംഗീകൃത മെഡിക്കൽ സെൻററുകളിൽനിന്ന് പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തമാണെന്ന് തെളിയിക്കുകയും തിരിച്ചെത്തിയാൽ ക്വാറൻറീനിൽ കഴിയാമെന്ന് സമ്മതപത്രം ഒപ്പിട്ടുനൽകുകയും ചെയ്താൽ തിരിച്ചുവരാമെന്ന് കുവൈത്ത് വ്യക്തമാക്കിയത് ആശ്വാസമാണ്. ജൂലൈ 31 വരെ ഇന്ത്യയിലേക്ക് വിമാന സർവിസ് നിർത്തിവെച്ചതിന് പിന്നിൽ ഇന്ത്യയുടെയും കുവൈത്തിെൻറ വ്യോമയാന വകുപ്പുകൾ തമ്മിലുള്ള തർക്കമാണെന്ന റിപ്പോർട്ടുകൾ വേഗം തിരികെയെത്താൻ നോക്കുന്ന പ്രവാസികളുടെ നെഞ്ചിടിപ്പുകൂട്ടുന്നു. ആഗസ്റ്റിന് മുമ്പ് എല്ലാ പ്രശ്നവും തീരുമെന്നാണ് ഇവരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.