കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം അംഗീകൃത പാർക്കിങ് കേന്ദ്രങ്ങളാക്കാൻ ആലോചന. മുനിസിപ്പാലിറ്റി സ്ഥലം അനുവദിച്ചാൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കാൻ സന്നദ്ധമാണെന്ന് അറിയിച്ച് പബ്ലിക് യൂട്ടിലിറ്റീസ് മാനേജ്മെൻറ് കമ്പനി മുനിസിപ്പാലിറ്റിക്ക് കത്തുനൽകിയിട്ടുണ്ട്. അനുയോജ്യമായ സ്ഥലം നിർദേശിച്ചാൽ ചർച്ച ചെയ്യാമെന്നാണ് മുനിസിപ്പാലിറ്റി മറുപടി നൽകിയത്. ഇതനുസരിച്ച് മുനിസിപ്പാലിറ്റിയിലെയും കമ്പനിയിലെയും ഉന്നതർ വൈകാതെ യോഗം ചേരും. സിറ്റിയിൽ പാർക്കിങ് സൗകര്യമില്ലാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് യൂനിയൻ നടത്തിയ പഠനപ്രകാരം പാർക്കിങ് സ്പേസ് ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 40 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലം അധികം കണ്ടെത്തേണ്ടതുണ്ട്. ഇതിന് 700 കോടി ദീനാറിെൻറ പദ്ധതി ആവശ്യമാണ്. 1990 മുതൽ 2009 വരെ കാലയളവിൽ പാർക്കിങ്ങിന് മാത്രമായി 19 കെട്ടിടങ്ങൾ രാജ്യത്ത് നിർമിക്കപ്പെട്ടു. എന്നാൽ 2009 മുതൽ ആകെ രണ്ട് കെട്ടിടങ്ങളാണ് ഇൗ അർഥത്തിൽ നിർമിച്ചത്. ഇക്കാലയളവിൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത്. റോഡരികിൽ ആളുകൾ വാഹനം നിർത്തിപ്പോകേണ്ടി വരുന്നത് പാർക്കിങ്ങിന് വേറെ സ്ഥലമില്ലാത്തതുകൊണ്ടാണ്. റോഡരികിലെ പാർക്കിങ്ങിനെതിരെ പൊലീസിന് നടപടിയെടുക്കാൻ കഴിയാത്തത് വേറെ സ്ഥലമില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നതിനാലാണ്. പാർക്കിങ് സൗകര്യമൊരുക്കാൻ കമ്പനി രൂപവത്കരിക്കണമെന്ന കരടുനിർദേശം പാർലമെൻറിെൻറ നിയമകാര്യ സമിതി അംഗീകരിച്ച് തുടർനടപടികൾക്ക് തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.