കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഭക്ഷണവും കിടപ്പാടവും നഷ്ടപ്പെട്ട് ദുരിതങ്ങളുമായി അലയുന്ന ഗസ്സയിലെ ഫലസ്തീനികൾക്ക് ആശ്വാസമായി കുവൈത്ത്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുമായി (കെ.ആർ.സി.എസ്) അഫിലിയേറ്റ് ചെയ്ത ഗസ്സയിലെ ഫലസ്തീൻ സന്നദ്ധപ്രവർത്തകർ ആയിരക്കണക്കിന് ഫലസ്തീൻകാർക്ക് ഗോതമ്പ് വിതരണം ചെയ്തു.
സെൻട്രൽ ഗസ്സയിലെ ദൈർ അൽ ബാലയിൽ വിതരണം ചെയ്യാൻ 500 വലിയ ചാക്ക് ഗോതമ്പ് ലഭിച്ചതായി ഫലസ്തീൻ സന്നദ്ധപ്രവർത്തകൻ അഹ്മദ് അബു ദിയ വ്യക്തമാക്കി. മേഖലയിൽ പുനരധിവസിപ്പിച്ച 3,000ത്തിലധികം വ്യക്തികളുള്ള 83ലധികം കുടുംബങ്ങൾക്ക് ഇത് ആശ്വാസമാകും.
വടക്കൻ ഗസ്സയിൽനിന്ന് ഫലസ്തീനികൾ താമസിക്കുന്ന വീടുകളിലേക്ക് സാധനങ്ങൾ എത്തിച്ചു. ഇന്ധനമില്ലാത്തതിനാൽ മില്ലുകളും ബേക്കറികളും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ സഹായം സുപ്രധാനവും അത്യാവശ്യവുമാണെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങളായി പ്രയാസപ്പെടുന്ന മാധ്യമപ്രവർത്തകർ, മെഡിക്കൽ ഉദ്യോഗസ്ഥർ, ആശുപത്രികളിലെ തൊഴിലാളികൾ എന്നിവർക്കും സഹായം നൽകുന്നുണ്ട്. വിതരണം ചെയ്ത ഓരോ ചാക്കിനും 25 കിലോ തൂക്കമുണ്ട്. ഒരു കുടുംബത്തിന് 25 ദിവസത്തേക്ക് ഇത് മതിയാകും.
രണ്ടുമാസത്തോളം നീണ്ട ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗസ്സ നിവാസികൾ അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമം അനുഭവിക്കുകയാണ്. റഫ ക്രോസിങ് വഴി മറ്റു രാജ്യങ്ങൾ സഹായ സാമഗ്രികൾ അയക്കുന്നുണ്ട്. എന്നാൽ, ഇത് ജനങ്ങളുടെ ആവശ്യങ്ങൾക്ക് പര്യാപ്തമല്ല.
സഹായങ്ങൾ ഇസ്രായേൽ സേന തടഞ്ഞുവെക്കുന്നതും പലയിടങ്ങളിലും എത്തിപ്പെടാനുള്ള മാർഗങ്ങൾ ആക്രമണത്തിൽ അടഞ്ഞതും സഹായവിതരണത്തിന് തടസ്സമാണ്. ആക്രമണത്തിന്റെ ആദ്യനാൾ മുതൽ ഗസ്സക്കാരെ ആശ്വസിപ്പിക്കാൻ ആദ്യം ശ്രമിച്ച രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. കുവൈത്ത് എയർ ബ്രിഡ്ജായ ‘റിലീവ് ഗസ്സ’യുടെ ഭാഗമായി ഭക്ഷ്യവസ്തുക്കളും മറ്റു സഹായവുമായി കുവൈത്ത് ഈജിപ്തിലെ അൽ അരിഷിലേക്ക് 27 വിമാനങ്ങൾ അയച്ചു. 800 ടണ്ണിനടുത്ത് വസ്തുക്കളാണ് കുവൈത്ത് ഗസ്സയിലേക്കയച്ചത്.
കെ.ആർ.സി.എസ് വളന്റിയർ മാവ് തയാറാക്കുന്നു
വിതരണത്തിനായി മാവും
കുവൈത്ത് സിറ്റി: കെ.ആർ.സി.എസ് വളന്റിയർ ഗസ്സയിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് മാവ് വിതരണം ചെയ്തു. ഗസ്സയിലെ ഫലസ്തീൻ പീസ് മിൽസ് കമ്പനിയുമായി കരാറുണ്ടാക്കിയ ശേഷമാണ് ധാന്യങ്ങൾ പൊടിച്ച് മാവ് വിതരണം ചെയ്യുന്നത്. ഗസ്സയിലെ തെക്കൻ ഗവർണറേറ്റുകളിലെ മെഡിക്കൽ ടീമുകൾക്കും വിവിധ കമ്യൂണിറ്റി ഗ്രൂപ്പുകൾക്കും അഭയകേന്ദ്രങ്ങളിലും വീടുകളിലും ആശുപത്രികളിലും മാവ് വിതരണം ചെയ്യുന്നുണ്ട്. 25 കിലോ വീതം അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് പര്യാപ്തമായ മാവാണ് വിതരണം ചെയ്യുന്നത്.
ഏകദേശം ഇരുപത് ദിവസത്തേക്ക് റൊട്ടി ഉണ്ടാക്കാൻ ഇതുവഴി കഴിയും. ഇസ്രായേൽ അധിനിവേശ സേന ഗസ്സയിലേക്കുള്ള വാണിജ്യ ക്രോസിങ് അടച്ചുപൂട്ടിയതിനാൽ ആയിരക്കണക്കിന് ഫലസ്തീൻ കുടുംബങ്ങൾ ഭക്ഷ്യയിനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുന്നതായി കെ.ആർ.സി.എസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.