കുവൈത്ത് സിറ്റി: ജി.സി.സി റെയിൽവേ പദ്ധതി നടപടികൾ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള കുവൈത്ത്-സൗദി അറേബ്യ റെയിൽവേ ലിങ്കേജ് പദ്ധതിയുടെ അടുത്ത ഘട്ടം ചർച്ച ചെയ്യുന്നതിനായി പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അൽ മിഷാൻ സൗദി അറേബ്യ സന്ദർശിക്കും. പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനത്തിന് അടുത്തിടെ പ്രൊജക്ട് മാനേജ്മെന്റ് കമ്മിറ്റി അംഗീകാരം ലഭിച്ചിരുന്നു.
ഇതിന്റെ അടുത്ത നടപടികൾക്കായാണ് മന്ത്രിയുടെ സന്ദർശനമെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. യാത്രക്കാരുടെ ഗതാഗതത്തിനും ചരക്കു ഗതാഗതത്തിനുമായി പദ്ധതിയിൽ രണ്ട് വ്യത്യസ്ത ലൈനുകൾ ഉണ്ടായിരിക്കുമെന്ന് സർക്കാർ സ്രോതസുകളെ ഉദ്ദരിച്ച് റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയുടെ നടത്തിപ്പ് 2026ൽ ആരംഭിക്കും. നാല് വർഷത്തിനുള്ളിൽ പൂർത്തീകരിക്കും.
സുസ്ഥിര റെയിൽവേ കണക്ടിവിറ്റി, സാമ്പത്തിക ഏകീകരണം, വ്യാപാര വിനിമയം എന്നിവ വർധിപ്പിക്കൽ ലക്ഷ്യമിടുന്നതാണ് പദ്ധതി. അതിനിടെ ഗൾഫ് റെയിൽവേ പദ്ധതിയുടെ രൂപകൽപ്പനക്കുള്ള ടെൻഡറിന് അന്താരാഷ്ട്ര കമ്പനിയായ പോർച്ചുഗീസ് കമ്പനിയും രംഗത്തെത്തി. ഫ്രഞ്ച്, ടർക്കിഷ്, സ്പാനിഷ്, ചൈനീസ് കമ്പനികൾ നേരത്തെ ബിഡ്ഡുകൾ സമർപ്പിച്ചിരുന്നു.
കുവൈത്തിലെയും ജി.സി.സി രാജ്യങ്ങളിലെയും ഗതാഗത മേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് വഴി തുറക്കുന്നതാണ് ജി.സി.സി റെയിൽവേ പദ്ധതി. കുവൈത്ത് മുതൽ സൗദി അറേബ്യയിലെ ദമ്മാം വരെയും പിന്നീട് ബഹ്റൈനിലേക്കും ഖത്തറിലേക്കും നീളുന്ന 2,217 കിലോമീറ്റർ നീളമുള്ള റെയിൽപ്പാത ഇതിന്റെ ഭാഗമാണ്. പാത സൗദി അറേബ്യയിൽ നിന്ന് അബുദബി, അൽ ഐൻ, മസ്കത്ത് എന്നിവിടങ്ങളിലേക്കും നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.