കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന റെയിൽവേ പദ്ധതി 2030 ഡിസംബറിൽ യാഥാർഥ്യമാക്കാൻ അധികൃതരുടെ തീരുമാനം. മസ്കത്തിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) ഗതാഗത, വാർത്താവിനിമയ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറിമാരുടെ സമിതിയുടെ 25ാമത് യോഗത്തിലാണ് പദ്ധതി നടപ്പാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള തീയതിക്ക് അംഗീകാരം നൽകിയത്. ഒമാൻ ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ഹമൂദ് അൽ മഅ്വാലി അധ്യക്ഷതവഹിച്ചു.
എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട റെയിൽവേ പദ്ധതി. കുവൈത്തിൽ പദ്ധതിയുടെ ഒന്നാംഘട്ടത്തിനായി വിവിധ കമ്പനികൾ സമർപ്പിച്ച രേഖകളിൽ വിശദ പരിശോധന നടത്താൻ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ (സി.എ.പി.ടി) റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന് നിർദേശം നൽകിയിട്ടുണ്ട്.
ഒന്നാംഘട്ട റെയിൽവേ പ്രോജക്ടിനായി ഒമ്പതു കമ്പനികളാണ് രംഗത്തുള്ളത്. ഇവ സമർപ്പിച്ച ബിഡ് പരിശോധന പൂര്‍ത്തിയാക്കി കരാര്‍ ഉടന്‍ ഉറപ്പിക്കും. സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽനിന്ന് കുവൈത്ത് സിറ്റി വരെയാണ് റെയില്‍പാത നിർമിക്കുക. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, സെവൻത് റിങ് റോഡ്, മുബാറക് അൽ കബീർ പോർട്ട് എന്നിവയും പദ്ധതിയുടെ ഭാഗമാകും. ഒന്നാംഘട്ടം ജി.സി.സി റൂട്ടിന്റെ 111 കിലോമീറ്ററും രണ്ടാംഘട്ടം മുബാറക് അൽ കബീർ തുറമുഖം വരെ 154 കിലോമീറ്ററും ഉൾക്കൊള്ളുന്നു.
യു.എ.ഇയും സൗദിയും പദ്ധതിയുടെ പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയിട്ടുണ്ട്. യു.എ.ഇയുടെ ഇത്തിഹാദ് റെയിൽ 900 കി.മീ പൂർത്തിയാക്കി ഫെബ്രുവരിയിൽ ചരക്കുസേവനം ആരംഭിച്ചു. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയിൽ റാസൽഖൈർ-ദമാൻ റൂട്ടിൽ 200 കി.മീ പൂർത്തിയായി. സുഹാർ തുറമുഖത്തെ യു.എ.ഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിന് ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭം സ്ഥാപിച്ച് സ്ഥലം ഏറ്റെടുക്കൽ ജോലി പുരോഗമിക്കുകയാണ്.
ഖത്തർ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും രൂപകൽപനയും പൂർത്തിയായി. ബഹ്റൈനെ ജി.സി.സി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലം പദ്ധതിയുടെ ആദ്യഘട്ടവും കഴിഞ്ഞു.
ഒമാൻ-യു.എ.ഇ റെയിൽ ശൃംഖല അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ഹമൂദ് അൽ മഅ്വാലി വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ ഗതാഗത സംവിധാനത്തിന്റെ മുഖച്ഛായ മാറ്റുന്നതും ജനങ്ങൾക്ക് ഏറെ സൗകര്യവും വികസന രംഗത്ത് കുതിപ്പിന് വഴിവെക്കുന്നതുമാവും ജി.സി.സി റെയിൽ. 25 ബില്യൻ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതിയിൽ 2,177 കി.മീ ദൈർഘ്യമാണ് കണക്കാക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള അകലം കുറയും. യാത്ര, ചരക്കുനീക്കം എളുപ്പമാകുന്നതോടെ ജി.സി.സി തലത്തിൽ സാംസ്കാരിക, വാണിജ്യ, വ്യവസായ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.