കുവൈത്ത് സിറ്റി: കുവൈത്തിലെയും ജി.സി.സി രാജ്യങ്ങളിലെയും ഗതാഗത മേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന ജി.സി.സി റെയിൽവേ പദ്ധതി 2030 ഓടെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിൽ കുവൈത്ത്. ജി.സി.സി സാമ്പത്തിക ഏകീകരണവും സുസ്ഥിര വികസനവും വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന സുപ്രധാന പദ്ധതിയാണ് ജി.സി.സി റെയിൽവേ.
കുവൈത്ത് മുതൽ സൗദി അറേബ്യയിലെ ദമാം വരെയും പിന്നീട് ബഹ്റൈനിലേക്കും ഖത്തറിലേക്കും നീളുന്ന 2,217 കിലോമീറ്റർ നീളമുള്ള റെയിൽപ്പാതയാണ് പദ്ധതി. പാത സൗദി അറേബ്യയിൽ നിന്ന് അബുദബി, അൽ ഐൻ, മസ്കത്ത് എന്നിവിടങ്ങളിലേക്കും വ്യാപിക്കുതായി ജി.സി.സി സെക്രട്ടേറിയറ്റ് ജനറൽ ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്.
തുടക്കം 2009ൽ
2009ൽ ബഹ്റൈനിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ ആറ് ജി.സി.സി അംഗരാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളായാണ് ഈ മെഗാ പ്രോജക്റ്റ് ആദ്യമായി അവതരിപ്പിച്ചത്. അന്തർ-ജി.സി.സി വാണിജ്യം, യാത്ര, സംയുക്ത സംരംഭങ്ങളെ പിന്തുണക്കൽ എന്നിവ സുഗമമാക്കുക എന്നതാണ് ലക്ഷ്യം. റെയിൽ പദ്ധതി റോഡ് നവീകരണത്തിനുള്ള ചെലവ് കുറക്കുമെന്നും കാറുകളും ട്രക്കുകളും കുറയുന്നതോടെ ഇന്ധന മലിനീകരണം കുറക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, റെയിൽ ശൃംഖല കടന്നുപോകുന്ന ഭാഗങ്ങളിൽ പുതിയ നഗരപ്രദേശങ്ങളുടെ ഉൽഭവം എന്നിവക്കും പദ്ധതി സഹായിക്കും. പദ്ധതിയിൽ കുവൈത്തിന്റെ ഭാഗങ്ങളുടെ ഏകോപനത്തിനായി പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷനെ (പി.എ.ആർ.ടി)ചുമതലപ്പെടുത്തിയിട്ടുണ്ട്.
മണിക്കൂറിൽ വേഗം 200 കിലോമീറ്റർ
പദ്ധതിയെ കുറിച്ച് പഠനങ്ങൾ നടത്തുന്നതിനും നടപ്പാക്കുന്നതിനുമായി പങ്കാളിത്ത പദ്ധതികൾക്കായുള്ള അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പി.എ.ആർ.ടി ഡയറക്ടർ ജനറൽ ഖാലിദ് അൽ ഒസൈമി പറഞ്ഞു. 2012ൽ സാധ്യതാ പഠനം പൂർത്തിയാക്കുകയും 2016ൽ പരിഷ്ക്കരിക്കുകയും ചെയ്തു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തോടെ ഇത് നടപ്പാക്കും. പദ്ധതി രൂപകല്പന ചെയ്യുന്നതിനുള്ള കൺസൾട്ടേഷനുകൾക്കായി നിരവധി അന്താരാഷ്ട്ര കൺസൾട്ടൻസി സ്ഥാപനങ്ങൾ ബിഡ്ഡുകള്‍ സമര്‍പ്പിച്ചു. ബിഡ്ഡുകൾ പരിശോധിച്ച് പൊതു ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
അതോറിറ്റിയുടെ പരിശോധനക്ക് ശേഷം പദ്ധതിയുടെ നടത്തിപ്പിനായി ടെൻഡറുകൾ അനുവദിക്കും. വിശദ പഠനത്തിന് 12 മാസവും നടത്തിപ്പിന് 30 മാസവുമാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായി രാജ്യത്തെ അതിർത്തി പ്രദേശമായ നുവൈസീബ് മുതൽ ഷെദാദിയ വരെ നീളുന്ന പാതയാണ് പൂര്‍ത്തീകരിക്കുക. മണിക്കൂറിൽ പരമാവധി വേഗം 200 കിലോമീറ്റർ നിശ്ചയിച്ചിരിക്കുന്നതെന്നും ഖാലിദ് അൽ ഒസൈമി പറഞ്ഞു.
മറ്റു രാജ്യങ്ങളിൽ മുന്നിൽ
യു.എ.ഇയിൽ സൗദി അതിർത്തികളിലേക്കുള്ള റെയിൽവേയുടെ നിർമാണം പൂർത്തിയായി. അബൂദബിയെ ഒമാനുമായി ബന്ധിപ്പിക്കുന്ന 303 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയുടെ രൂപകൽപനയും നിർമാണ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറിൽ, ഗൾഫ് റെയിൽവേയുടെ ആഭ്യന്തര വിഭാഗത്തിന്റെ രൂപരേഖകൾ അധികൃതർ പൂർത്തിയാക്കി. സൗദി അറേബ്യയിലെത്തുന്ന പാലത്തിൽ റെയിലിന്റെ ഒരു ഭാഗം നിർമിക്കുമെന്ന് ബഹ്റൈൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഗൾഫ് റെയിൽവേ അതോറിറ്റിയുടെ ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ഷബ്റാമി കുവൈത്ത് സന്ദർശിച്ച് രാജ്യത്തെ എക്സിക്യൂട്ടീവ് പ്ലാനുകൾ പരിശോധിച്ചിരുന്നു.
റിയാദ്-കുവൈത്ത് ട്രെയിൻ
കുവൈത്തിനും റിയാദിനും ഇടയിൽ റെയിൽവേ സ്ഥാപിക്കാൻ 2023 ജൂൺ നാലിന് കുവൈത്തും സൗദി അറേബ്യയും ധാരണയിലെത്തി. കുവൈത്ത്-സൗദി പദ്ധതിയുടെ പഠനം ആരംഭിച്ചതായി കുവൈത്ത് സർക്കാർ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. കുവൈത്തും റിയാദും തമ്മിലുള്ള ചരക്ക്, യാത്രാ ഗതാഗതത്തെ വലയി രീതിയിൽ റെയിൽവേ പദ്ധതി സ്വാധീനിക്കും. ഗൾഫിന്റെ തന്ത്രപ്രധാനമായ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കുവൈത്തിന് വാണിജ്യത്തിന്റെയും ഗതാഗതത്തിന്റെയും പ്രധാന കേന്ദ്രമാകാനും ഇതുവഴി കഴിയും. ജോർഡൻ, ഇറാഖ് തുടങ്ങിയ മേഖലയിലെ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി ജി.സി.സി റെയിൽവേ ശൃംഖല വിപുലീകരിക്കണമെന്ന ചർച്ചക്കും ഇതിനിടെ തുടക്കമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.