കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. മാസങ്ങളായി ദീനാറിന് മികച്ച നിരക്ക് കിട്ടുന്നുണ്ട്. ഇത് ശനിയാഴ്ച ഒരു ദീനാറിന് 275ന് മുകളിൽ ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് ഉയർന്നു. അടുത്തിടെ എത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ ദിവസങ്ങളിൽ ഒരു ദീനാറിന് 274 ഇന്ത്യൻ രൂപക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഇത് പിന്നീട് നേരിയ നിലയിൽ താഴ്ന്നെങ്കിലും വീണ്ടും ഉയർന്നു.
മാസാവസാനത്തിൽ ദീനാറിന് ഇന്ത്യൻ രൂപയിലേക്ക് മാറുമ്പോൾ ഉയർന്ന നിരക്ക് ലഭിക്കുന്നത് പ്രവാസികൾക്ക് ആശ്വാസകരമാണ്. ശമ്പളം ലഭിക്കുന്നത് ഉയർന്ന നിരക്കിൽ നാട്ടിലേക്ക് കൈമാറാം. നിരക്ക് ഉയരുന്നത് ചെറിയ തുകകൾ അയക്കുന്നവരിൽ വരെ മാറ്റമുണ്ടാക്കും. വലിയ സംഖ്യകൾ ഒന്നിച്ച് അയക്കുന്നവർക്ക് ഏറെ മെച്ചവുമുണ്ടാക്കും.
എക്സി റിപ്പോർട്ടു പ്രകാരം 275ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു ദീനാറിന് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഇന്ത്യൻ രൂപ ശക്തികുറഞ്ഞതും ഡോളർ കരുത്താർജിച്ചതുമാണ് കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്കിലെ വര്‍ധനക്ക് കാരണം.
വെള്ളിയാഴ്ച രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തിയിരുന്നു. ഡോളറിനെതിരെ വെള്ളിയാഴ്ച 13 പൈസ ഇടിഞ്ഞാണ് 84.60 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയത്. നവംബർ 21ലെ 84.50 പൈസയാണ് ഇതിന് മുമ്പത്തെ താഴ്ന്ന നില. വ്യാഴാഴ്ച ഏഴ് പൈസയുടെ നഷ്ടത്തോടെ 84.47ലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച രണ്ടുവർഷത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തിയതായ റിപ്പോർട്ട് പുറത്തുവന്നതും മാസാന്ത്യത്തിൽ ഇറക്കുമതിക്കാരുടെ ഭാഗത്തുനിന്ന് ഡോളറിന് കൂടുതൽ ആവശ്യക്കാരുണ്ടായതുമാണ് രൂപയുടെ മൂല്യമിടിയാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.