കുവൈത്ത് സിറ്റി: ഗൂഗ്ൾ പേ സേവനം കുവൈത്തിലും പ്രവർത്തനം ആരംഭിക്കുന്നു. മാർച്ചോടെ ഇത് സജ്ജമാകുമെന്ന് പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോർട്ട് ചെയ്തു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ഇതിന് ആവശ്യമായ പരിശോധനകളും നടപടികളും പൂർത്തിയാക്കും. തുടർന്നാകും ഗൂഗ്ള്‍ പേ സേവനം രാജ്യത്ത് തുടങ്ങുന്നത്.
തുടക്കത്തില്‍ മൂന്നു ബാങ്കുകൾ വഴിയാകും ഗൂഗ്ള്‍ പേ സേവനം ലഭ്യമാവുകയെന്നാണ് സൂചനകള്‍. നിലവിൽ അന്താരാഷ്ട്ര പേമെന്റ് സംവിധാനങ്ങളായ ആപ്പിൾ പേയും സാംസങ് പേയും കുവൈത്തില്‍ സ്വീകരിക്കുന്നുണ്ട്.
ഇതിനു പുറമെയാണ് ഉപഭോക്താക്കൾക്കായി ബാങ്കിങ് സേവനങ്ങൾ വേഗത്തിൽ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പേമെന്റ് സൗകര്യം ഒരുക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗ്ള്‍ വാലറ്റ് ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ ആപ്പിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തോ ഗൂഗ്ള്‍ പേ സേവനം ഉപയോഗിക്കാം. ആദ്യ ഉപയോഗത്തിനു മുമ്പ് ബാങ്ക് കാര്‍ഡുകള്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.
ശേഷം ഗൂഗ്ള്‍ പേ സ്വീകരിക്കുന്ന എല്ലായിടങ്ങളിലും സുരക്ഷിതമായി പണം കൈമാറാന്‍ സേവനം ഉപയോഗിക്കാം. ഓൺലൈൻ പർച്ചേസുകളും സംവിധാനങ്ങളും കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പുതിയ പേമെന്റ് സൗകര്യം പ്രയോജനപ്രദമായി മാറുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും വ്യാപാരികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.