കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരി വ്യാപനവും ഉപയോഗവും തുടച്ചുനീക്കാൻ നടപടികളും പദ്ധതികളുമായി സർക്കാർ. ലഹരിക്കെതിരെ ദേശീയ കാമ്പയിൻ സംഘടിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുത്തു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണിത്.
ലഹരിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തൽ, പൊതുജനങ്ങളെ ബോധവത്കരിക്കൽ, റീഹാബിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കൽ എന്നിവ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരെ കാമ്പയിനിന്റെ ഭാഗമാക്കും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക കാര്യം, ഔക്കാഫ്, ഇസ്ലാമിക് അഫയേഴ്സ്, ഇൻഫർമേഷൻ എന്നീ മന്ത്രാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും കാമ്പയിനിൽ പങ്കാളികളാകും.
പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ് മയക്കുമരുന്നിന്റെ ഗുരുതര സാമൂഹിക വിപത്തിനെ കുറിച്ച് വിശദീകരണം നൽകി. രാജ്യത്ത് മയക്കുമരുന്നിന് ഇരയായവരുടെ എണ്ണവും പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ അളവും സംബന്ധിച്ച ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളും അദ്ദേഹം മന്ത്രിസഭക്ക് മുന്നിൽവെച്ചു. മയക്കുമരുന്ന് തുടച്ചുനീക്കുന്നതിനും അടിമകളായവരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ വികസിപ്പിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതിയും ശൈഖ് തലാൽ വിശദീകരിച്ചു.
ലഹരിക്ക് അടിമയായവരെ ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സാരീതികൾ നൽകി മോചിപ്പിക്കും. ഇതിനായി പ്രത്യേക പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി രൂപവത്കരിക്കാൻ ആരോഗ്യമന്ത്രിയോട് മന്ത്രിസഭ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.