കുവൈത്ത് സിറ്റി: അമീറായി ദേശീയ അസംബ്ലിയിൽ പ്രതിജ്ഞ ചെയ്ത അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ അഭിനന്ദനം അറിയിച്ച് രാഷ്ട്രത്തലവന്മാരും നേതാക്കളും. കുവൈത്തിലെയും ജി.സി.സിയിലെയും നേതാക്കൾക്കുപുറമെ വിവിധ രാഷ്ട്രത്തലവൻമാരും അമീറിന് ആശംസകളും അഭിനന്ദനവും നേർന്നു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് അഭിനന്ദന സന്ദേശവുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. പുതിയ പദവിയിൽ വിജയാശംസകൾ നേർന്ന ഖത്തർ അമീർ കുവൈത്ത് ജനതയുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്നും ആശംസിച്ചു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവരും കുവൈത്ത് അമീറിന് ആശംസകൾ നേർന്നു.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അഭിനന്ദനങ്ങൾ അറിയിച്ചു. അമീറിന് ആത്മാർഥമായ അഭിനന്ദനങ്ങളും ആശംസകളും നേർന്ന സുൽത്താൻ ഇരു രാജ്യങ്ങളും ബന്ധിപ്പിക്കുന്ന സാഹോദര്യ ബന്ധത്തിന്റെ ആഴവും സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. കുവൈത്ത് ജനതക്കു കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അറിയിച്ചു.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അഭിനന്ദനങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സാഹോദര്യത്തിന്റെ ആഴം അദ്ദേഹം ഊന്നിപ്പറഞ്ഞു. കുവൈത്ത് ജനതക്കു കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
ഒപെക് സെക്രട്ടറി ജനറൽ
അമീറിനെ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസ് അഭിനന്ദിച്ചു. ഒപെക്കിന്റെ ചരിത്രത്തിലെ നിരവധി പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിച്ച സ്ഥാപക രാജ്യങ്ങളിലൊന്നാണ് കുവൈത്ത് എന്ന് ഹൈതം അൽ ഗൈസ് സൂചിപ്പിച്ചു. സമ്പദ്വ്യവസ്ഥ മേഖലകളിലെ അമീറിന്റെ വീക്ഷണത്തെയും എണ്ണ, വാതക ഉൽപാദനത്തിന് അദ്ദേഹം നൽകുന്ന പിന്തുണയെയും ഹൈതം അൽ ഗൈസ് പ്രശംസിച്ചു.
അന്താരാഷ്ട്ര കാര്യങ്ങളിലും ആഗോള എണ്ണ വിപണിയിലും ഉയർന്ന അവബോധവും അറിവും അമീറിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് അമീറിന്റെ പിന്തുണയുടെ അടിസ്ഥാനത്തിൽ പ്രവർത്തനം തുടരുമെന്നും എണ്ണ, ഊർജ വിപണിയിലെ വെല്ലുവിളികളെ നേരിടാൻ ഒപെക് ശക്തിയും ഐക്യവും നിലനിർത്തുമെന്നും അൽ ഗൈസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.