കുവൈത്ത് സിറ്റി: ഇറാഖിലെ ബസ്റയിൽ നടക്കുന്ന 25-ാമത് ഗൾഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ശനിയാഴ്ച ആദ്യ മത്സരത്തിനിറങ്ങും. വൈകീട്ട് 7.15ന് ഖത്തറുമായാണ് കുവൈത്തിന്റെ ആദ്യ മത്സരം. ടൂർണമെന്റിന് ടീം പൂർണ സജ്ജരാണെന്ന് കോച്ച് റൂയി ബെന്റോ പറഞ്ഞു. കുവൈത്ത് കളിക്കാരിൽ തനിക്ക് വലിയ വിശ്വാസമുണ്ട്. അവർ തങ്ങളുടെ മികച്ച കഴിവുകൾ പുറത്തെടുക്കുമെന്നും ഖത്തറിനെതിരായ വിജയത്തോടെ തുടക്കം മികച്ചതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് ഫുട്ബാൾ ഒരു ഇടക്കാല ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് താരം ഫഹദ് അൽ ഹജേരി പറഞ്ഞു. 25ാമത് ഗൾഫ് കപ്പ് നേട്ടത്തോടെ മഹത്വം വീണ്ടെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനായി ഏറ്റവും നല്ല പ്രകടനം നടത്താൻ കളിക്കാർ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കുവൈത്ത് ഉൾപ്പെടുന്ന ഗ്രൂപ് ബിയിൽ ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നിവയാണ് മറ്റു രാജ്യങ്ങൾ. രണ്ടാം മത്സരത്തിൽ 10ന് കുവൈത്ത് യു.എ.ഇയുമായി ഏറ്റുമുട്ടും. 13ന് ബഹ്റൈനുമായാണ് അവസാന മത്സരം. എട്ടു ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ഓരോ ഗ്രൂപ്പിലും ആദ്യ രണ്ടു സ്ഥാനക്കാർ സെമി ഫൈനലിന് യോഗ്യത നേടും. ഗ്രൂപ് ഘട്ടത്തിൽ കുറഞ്ഞ മത്സരമേ ഉള്ളൂ എന്നതിനാൽ തോൽക്കാതെ കൂടുതൽ പോയന്റുകൾ നേടുന്നതിനാകും ടീമുകളുടെ ശ്രമം. ഗൾഫ് കപ്പിൽ 10 തവണ കുവൈത്ത് ജേതാക്കളായിട്ടുണ്ട്. 1970, 1972, 1974, 1976, 1982, 1986, 1990, 1996, 1998, 2010 വർഷങ്ങളിലാണ് കുവൈത്തിന്റെ കിരീട നേട്ടങ്ങൾ.
സൗദി മൂന്ന് തവണ ജേതാക്കളായിട്ടുണ്ട്. കുവൈത്ത്, ബഹ്റൈൻ, സൗദി, ഖത്തർ തുടങ്ങി നാലു ടീമുകളെ മാത്രം ഉൾപ്പെടുത്തി 1970ലാണ് ടൂർണമെന്റിന്റെ ആദ്യ പതിപ്പ് ആരംഭിച്ചത്. രണ്ടാം പതിപ്പിൽ അഞ്ച് ടീമുകളുടെ പങ്കാളിത്തം ഉണ്ടായി. മൂന്നാമത്തേതിൽ ആറായി. 1976ൽ ടീമുകളുടെ എണ്ണം ഏഴായി ഉയർന്നു. യമൻ കൂടി ചേർന്നതോടെ പതിനേഴാം പതിപ്പുമുതൽ എട്ടു രാജ്യങ്ങളാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.