കണ്ണൂരിൽനിന്ന് കുവൈത്തിലേക്കുള്ള അവസാന യാത്ര. സാധാരണ വിമാനം ലാൻഡ് ചെയ്തു ടെർമിനലിനടുത്ത് എത്തുന്നതിന് മുമ്പുതന്നെ എല്ലാ യാത്രക്കാരും ചാടിയെഴുന്നേൽക്കുന്ന കാഴ്ചയാണ് കാണാറുള്ളത്. എന്നാൽ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വിമാനം പൂര്‍ണമായും നിശ്ചലമായി കുറച്ചു സമയം കഴിഞ്ഞിട്ടുപോലും ഒരു യാത്രക്കാരനും എഴുന്നേറ്റില്ല. വിമാനം കേരളത്തിൽനിന്നു തന്നെയല്ലേ പുറപ്പെട്ടതെന്ന് സംശയിച്ചുപോയി! എന്താണ് ആർക്കും തിരക്കില്ലാത്തതെന്ന് ആശ്ചര്യപ്പെട്ടു.
ഇങ്ങനെ ചാടി എഴുന്നേൽക്കുന്നവരിൽ എന്നും മുൻപന്തിയിൽതന്നെയായിരുന്നു ഞാനും. 10 വർഷം മുമ്പൊരിക്കൽ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിലിറങ്ങിയ ഞാൻ, ശീലം തെറ്റിക്കാതെ വിമാനം പൂര്‍ണമായും നിശ്ചലമാവുന്നതിനുമുമ്പ് തന്നെ ചാടിയെഴുന്നേറ്റു. ‘സിറ്റ് ഡൗൺ’ എന്ന് പിന്നിൽനിന്നും എയർഹോസ്റ്റസ് വിളിച്ചുപറയുന്നത് കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ഞാൻ മാത്രമാണ് ചാടിയെഴുന്നേറ്റതെന്ന് എനിക്കു മനസ്സിലായത്. സഹയാത്രികർ എന്നെ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ അൽപം ജാള്യം തോന്നി. ഒരു വിനീതവിധേയനെപ്പോലെ എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ട് സീറ്റിൽ ഇരുന്നു.
വിമാനം പാർക്ക് ചെയ്തശേഷം ഇറങ്ങാൻ നിർദേശം തരുന്നതുവരെ ചാടിയെഴുന്നേൽക്കുകയില്ല എന്ന് അന്ന് തീരുമാനിച്ചതാണ്. അല്ലെങ്കിലും അങ്ങനെ ചാടിയെഴുന്നേറ്റ് തിരക്കുകൂട്ടിയിട്ട് എന്തുകാര്യം എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. എമിഗ്രേഷൻ നടപടി പൂര്‍ത്തിയാക്കിയാലും ലഗേജിനുവേണ്ടി പിന്നെയും സമയം കാത്തിരിക്കേണ്ടിവരും. ചിലർ വിമാനത്തിൽനിന്നു സാവധാനം ഇറങ്ങി എമിഗ്രേഷൻ നടപടിയൊക്കെ ധിറുതി പിടിക്കാതെ പൂര്‍ത്തിയാക്കുന്നത് കാണാം. അപ്പോഴേക്കും ലഗേജ് എത്താനുള്ള സമയം ആയിക്കാണും.അനാവശ്യ ധിറുതി പലപ്പോഴും നമുക്ക് ഒരു ഗുണവും ചെയ്യില്ല എന്നു മാത്രമല്ല മറ്റുള്ളവരുടെ മുന്നിൽ നമ്മെ അപഹാസ്യരാക്കുകയും ചെയ്യുന്നു.
വിമാനത്തിൽ ചോക്ലറ്റ് വിതരണം ചെയ്യുന്നതിനിടയിൽ ഒരാൾ മാത്രം രണ്ടെണ്ണമെടുത്തപ്പോൾ മലയാളിയാണല്ലേ എന്ന് എയർ ഹോസ്റ്റസ് ചോദിച്ചെന്ന തമാശ വായിച്ചത് ഓർക്കുന്നു.ഏതായാലും അവസാന യാത്രയിൽ വിമാനത്തിൽ കണ്ട മാറ്റം പ്രശംസനീയമാണ്. ടേക്ഓഫ് ചെയ്യുന്ന സമയത്തും ലാൻഡ് ചെയ്തശേഷവും വിമാനം ചലിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ശീലവും നാം മാറ്റണം. ചിലരെങ്കിലും ആ ശീലം ഇപ്പോഴും തുടരുന്നത് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.