കുവൈത്ത് സിറ്റി: കോവിഡ് കാല നന്മകളെ ആഘോഷിക്കുകയാണ് ഗൾഫ് മാധ്യമം സിംഫണി ഓഫ് കുവൈത്ത് കാമ്പയിനിലൂടെ. മറ്റുള്ളവരുടെ നന്മകളെ വാഴ്ത്തിപ്പാടുമ്പോൾ സ്വന്തമായ എന്തു പറയാനുണ്ട് എന്ന് ന്യായമായും ചോദിക്കാം. അതിനുള്ള ഉത്തരമാണ് 'മിഷൻ വിങ്സ് ഓഫ് കംപാഷൻ'. കാത്തുകാത്തിരുന്ന് വിമാനം അടുത്തെത്തിയപ്പോൾ ആകാശം അകന്നുപോയി നെടുവീർപ്പിടുന്നവർക്കായി ഗൾഫ് മാധ്യമവും മീഡിയവണ്ണും ചേർന്ന് കരുതലിന്റെ ചിറകുവിരിച്ചു. 1500ലേറെ പേരെയാണ് പദ്ധതിയുടെ ഭാഗമായി വിമാന ടിക്കറ്റ് നൽകി നാട്ടിലയച്ചത്. ജോലിയും വരുമാനവുമില്ലാതെ അന്നംമുട്ടിപ്പോകുന്ന അവസ്ഥയിലായിരുന്നു നിരവധി പേർ. ജോലിയും ശമ്പളവും അനിശ്ചിതത്വത്തിൽ നിൽക്കുമ്പോഴും അയൽവാസിയുടെ പട്ടിണിക്ക് പരിഹാരം കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെട്ടവരെ വെയിലത്തു നിർത്താൻ കഴിയുമായിരുന്നില്ല. കാലങ്ങളായി പ്രവാസഭൂമിയിൽ നാടിനും വീടിനും വേണ്ടി വിയർപ്പൊഴുക്കിയവരാണവർ.
നല്ലൊരു ജീവിതം സ്വപ്നം കണ്ട് ഇവിടേക്ക് വന്ന് വഴിമുട്ടിപ്പോയവരുണ്ട് അക്കൂട്ടത്തിൽ. ഒരുകാലത്ത് ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകിയവർ നോമ്പു തുറക്കാൻ സന്നദ്ധപ്രവർത്തകർ കൊണ്ടുവരുന്ന ഭക്ഷണപ്പൊതിക്കായി കാത്തിരിക്കുന്ന സ്ഥിതി ദയനീയമായിരുന്നു. ഈ പരീക്ഷണ ഘട്ടത്തിൽ വിധിക്ക് വിട്ടു കൊടുക്കാനോ അവരുടെ കണ്ണീര് കണ്ടില്ലെന്നു നടിക്കാനോ ആവില്ലെന്നുള്ള ഉറച്ച പ്രഖ്യാപനംകൂടിയായി 'മിഷൻ വിങ്സ് ഓഫ് കംപാഷൻ' പദ്ധതി. ഗൾഫ് മാധ്യമവും മീഡിയവണ്ണും മുന്നിട്ടിറങ്ങിയപ്പോൾ നന്മ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശ്ശബ്ദ സേവകരും കൈകോർത്ത് കാരുണ്യത്തിന്റെ തണൽ വിരിച്ചു. നമ്മൾ ഒരു തോറ്റ സമൂഹമല്ലെന്ന്, ഈ മണ്ണിൽ ഒരു മനുഷ്യജീവിയും ഒറ്റക്കല്ലെന്ന് തെളിയിക്കപ്പെട്ട നൂറുകണക്കിന് സവിശേഷ സന്ദർഭങ്ങളിൽ, സംരംഭങ്ങളിൽ ഒന്നായിരുന്നു 'മിഷൻ വിങ്സ് ഓഫ് കംപാഷൻ'.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.