കുവൈത്ത് സിറ്റി: കോവിഡ്കാല നന്മകളെ ആഘോഷിക്കാൻ ഗൾഫ് മാധ്യമം കുവൈത്ത് നടത്തുന്ന കാമ്പയിന് സമാപനംകുറിച്ച് നടത്തുന്ന ഡിജിറ്റൽ മ്യൂസിക് ഇവന്റിനെ ധന്യമാക്കാൻ എത്തുന്നത് പ്രഗല്ഭരും പ്രതിഭകളുമായ ഗായകനിര. വിധു പ്രതാപ്, ജ്യോത്സ്ന, ഷഹബാസ് അമൻ, കണ്ണൂർ ഷരീഫ്, അക്ബർ ഖാൻ, ചിത്ര അരുൺ, വേദമിത്ര, സ്റ്റെഫി ലിയോൺ എന്നിവരാണ് ഗായകർ. അതിഗംഭീര സംഗീതസായാഹ്നത്തിനാണ് ജനുവരി 21 സാക്ഷിയാകുക. ഗൾഫ് മാധ്യമം കുവൈത്ത് ഫേസ്ബുക്ക് പേജിലൂടെ എച്ച്.ഡി ക്വാളിറ്റിയിൽ മികച്ച ശബ്ദമികവോടെ പരിപാടി ആസ്വദിക്കാം. മികച്ച ഗായകനുള്ള സംസ്ഥാനതല പുരസ്കാരം നേടിയവരാണ് വിധു പ്രതാപും ഷഹബാസ് അമനും. മലയാളം, തമിഴ്, തെലുഗു, കന്നട തുടങ്ങി 12 ഭാഷകളിലായി ആയിരത്തിലേറെ പാട്ടുകൾ ജ്യോത്സ്നയുടെ സ്വരത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
വിധു പ്രതാപും ജ്യോത്സ്നയും ചലച്ചിത്രഗാനരംഗത്ത് ഒരുമിച്ചപ്പോഴെല്ലാം ഹിറ്റുകൾ പിറന്നു. സ്റ്റേജിലും ഇവർ മികച്ച കോംബോ ആണ്. അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ അസാമാന്യ പ്രതിഭയാണ് കണ്ണൂർ ഷരീഫ്. മാപ്പിളപ്പാട്ടിന്റെ ഈ രാജകുമാരൻ ക്ലാസികും മെലഡിയും അടിപൊളി പാട്ടുകളുമെല്ലാം തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചത് സീ കേരളം ചാനലിലെ 'സരിഗമപ' റിയാലിറ്റി ഷോയിൽ ചീഫ് മെന്ററായി എത്തിയപ്പോഴാണ്. ഗൾഫ് പ്രവാസലോകത്ത് ഇത്രയേറെ ആരാധകരുള്ള മറ്റൊരു ഗായകൻ ഉണ്ടാവില്ല. 'സരിഗമപ' റിയാലിറ്റി ഷോ സമ്മാനിച്ച മുത്താണ് അക്ബർ ഖാൻ. വേറിട്ട ശബ്ദത്തിന് ഉടമയും ഫീലിന്റെ ഉസ്താദുമായ അക്ബർ ഭാവി വാഗ്ദാനമാണ്. ചിത്ര അരുൺ, സ്റ്റെഫി ലിയോൺ എന്നിവരും ജനശ്രദ്ധ നേടിയവരും മികച്ച പ്രതിഭകളുമാണ്. വേദമിത്രയുടെ വയലിൻ വിസ്മയം 'സിംഫണി ഓഫ് കുവൈത്തിന്റെ' ഹൈലൈറ്റുകളിൽ ഒന്നാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.