കുവൈത്ത് സിറ്റി: ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് അമ്പതാം സ്ഥാനത്ത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന നെറ്റ്വർക്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഫിൻലാൻഡ് ആണ് ജനം ഏറ്റവും സന്തുഷ്ടരായ രാജ്യം. 2021 മുതൽക്കാണ് പട്ടിക പുറത്തുവിടുന്നത്. മോറിത്താനിയ, ജോർഡൻ, ലബനാൻ എന്നിവയാണ് ഏറ്റവും പിന്നിൽ. അറബ് രാജ്യങ്ങളിൽ മുന്നിലുള്ള ബഹ്റൈൻ ആഗോളതലത്തിൽ 21ാമതാണ്.
യു.എ.ഇ അറബ് ലോകത്ത് രണ്ടാമതും ആഗോളതലത്തിൽ 24ാം സ്ഥാനത്തുമാണ്. അറബ് രാജ്യങ്ങളിൽ സൗദിക്ക് പിന്നിൽ നാലാമതാണ് കുവൈത്തിന്റെ സ്ഥാനം. ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികളൊന്നും സന്തോഷത്തിന്റെ കാര്യത്തിൽ ആദ്യ പത്തുസ്ഥാനങ്ങളിൽ വന്നില്ല. ഫിൻലാൻഡ്, ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, ഐസ്ലൻഡ്, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, ലക്സംബർഗ്, ന്യൂസിലൻഡ്, ഓസ്ട്രിയ എന്നിവയാണ് ആദ്യ പത്തുസ്ഥാനങ്ങളിൽ.
സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണ് പൊതുവെ ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതെന്നാണ് പട്ടിക സൂചിപ്പിക്കുന്നത്. ജനങ്ങളുടെ ആളോഹരി വരുമാനം, സാമൂഹിക പരിചരണം, ശരാശരി ആയുസ്സ്, സാമൂഹിക സ്വാതന്ത്ര്യം, കുറ്റകൃത്യങ്ങളുടെ കുറവ് തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ പരിഗണിക്കപ്പെട്ടത്. 136 ആണ് ഇന്ത്യയുടെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.