കുവൈത്ത് സിറ്റി: ലോകത്ത് വ്യായാമം ചെയ്യുന്നവരുടെ എണ്ണത്തിൽ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ കുവൈത്തും. ഇന്ത്യയും അമേരിക്കയും ബ്രിട്ടനും എല്ലാം വ്യായാമത്തിൽ പിന്നിലായപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കു പ്രകാരം നല്ലൊരു ശതമാനം ആളുകളും മടിയൻമാരും അലസൻമാരുമായി കഴിച്ചുകൂട്ടുകയാണ്. പ്രായപൂർത്തിയായവരിൽ നാലിലൊന്ന് പേരും അലസൻമാരാണെന്നും ആവശ്യമായ വ്യായാമം ചെയ്യുന്നില്ലെന്നും ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നു.
യൂറോപ്പും ഏഷ്യയും അമേരിക്കയും ആസ്ട്രേലിയയും എല്ലാം വ്യായാമ കാര്യത്തിൽ പിന്നിൽ പോയപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളും കരസ്ഥമാക്കിയത്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾ പഠനത്തിൽ പിന്നിലാണെന്നും പഠനത്തിൽ വ്യക്തമായി. വ്യായാമത്തിെൻറ കാര്യത്തിൽ ലോകതലത്തിൽ തന്നെ ഏറ്റവും പിന്നിലാണ് കുവൈത്തി സമൂഹം. ജനസംഖ്യയുടെ 67 ശതമാനവും ആഴ്ചയിൽ 75 മിനിറ്റ് പോലും വ്യായാമത്തിന് മാറ്റിവെക്കാത്തവരാണ്. സൗദി അറേബ്യ, അമേരിക്കൻ സമോവ, ഇറാഖ് തുടങ്ങിയവയും അലസത കൂടുതലുള്ള രാജ്യങ്ങളാണ്. അതേസമയം, ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയാണ് ഏറ്റവും കൂടുതൽ ഉൗർജസ്വലരുള്ള രാജ്യം. യുഗാണ്ടൻ ജനസംഖ്യയിലെ പ്രായപൂർത്തിയായവരിൽ 5.5 ശതമാനം പേർ മാത്രമാണ് അലസരായിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന പഠനം വ്യക്തമാക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ തന്നെയായ മൊസാംബിക്കും ലെസോതോയുമാണ് യുഗാണ്ടക്ക് തൊട്ടുപിന്നിലായുള്ളത്.
ആഴ്ചയിൽ 75 മിനിറ്റ് ഉൗർജസ്വലതയോടെയോ 150 മിനിറ്റ് മിതമായ രീതിയിലോ കായിക പ്രവൃത്തികളിൽ ഏർപ്പെടുന്നവരെേയായാണ് ലോകാരോഗ്യ സംഘടന പരിഗണിച്ചത്. സമ്പന്ന രാജ്യങ്ങളിൽ ഉള്ളവർ വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ ഉള്ളവരേക്കാൾ അലസരാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. കാറുകളുടെ എണ്ണവും കൂടുതൽ ഇരുന്നുള്ള ജോലികളും സമ്പന്ന രാജ്യങ്ങളിലുള്ളവരെ കൂടുതൽ മടിയൻമാരാക്കുന്നു.
168 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ഇന്ത്യക്ക് 117ാം സ്ഥാനമാണ് ലഭിച്ചത്. ഇന്ത്യയിൽ 34 ശതമാനം പേരും ആഴ്ചയിൽ കുറഞ്ഞ കായിക അധ്വാനം പോലും ചെയ്യാതെ അലസൻമാരായി മാറിയതായി പഠനത്തിൽ വ്യക്തമായി. അലസൻമാരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിൽ ബ്രസീലും ഫിലിപ്പീൻസും എല്ലാം ഉൾപ്പെട്ടിട്ടുണ്ട്.
അവസാന അഞ്ചു രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീൽ ഉൾപ്പെട്ടപ്പോൾ ഫിലിപ്പീൻസിന് 141ാം സ്ഥാനത്താണ്. ജനസംഖ്യയുടെ 40 ശതമാനവും അലസൻമാരുടെ പട്ടികയിൽ ഉൾപ്പെട്ട അമേരിക്ക 143ാമത് ആയപ്പോൾ 36 ശതമാനം മടിയൻമാരുമായി ബ്രിട്ടൻ 123ാമത് എത്തി. അതേസമയം, ചൈനയിൽ 14.1 ശതമാനം പേർ മാത്രമാണ് അലസരായിട്ടുള്ളത്. അലസരും മടിയൻമാരുമായ ആളുകളുടെ എണ്ണം 2025ഒാടെ പത്തു ശതമാനം കൂടി കൂടാൻ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഇൗ സാഹചര്യത്തിൽ സർക്കാറുകൾ ശക്തമായ നടപടികൾ എടുക്കുകയും ജനങ്ങളെ കായിക വ്യായാമത്തിന് പ്രേരിപ്പിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.