കുവൈത്ത് സിറ്റി: കോവിഡ്കാല നന്മകളെ ആഘോഷിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ആദ്യം ഓർമിക്കേണ്ടത് ആരോഗ്യ പ്രവർത്തകരെയാണ്. തുല്യതയില്ലാത്ത വെല്ലുവിളിക്ക് മുന്നിൽ ലോകം പകച്ചുനിന്നപ്പോൾ മുന്നിൽനിന്ന് നേരിട്ടവരെ പരിഗണിക്കാതെ എങ്ങനെയാണ് കോവിഡ് കാല നന്മകൾ ആഘോഷിക്കുക. ഡോക്ടർമാരും നഴ്സുമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട കുവൈത്തിലെ ആരോഗ്യപ്രവർത്തകരും സവിശേഷ പരാമർശം അർഹിക്കുന്നു. കഴിവും കാര്യപ്രാപ്തിയും അർപ്പണ മനോഭാവവും കൈമുതലാക്കി അവർ നടത്തുന്ന സേവനത്തെ കുവൈത്ത് ആരോഗ്യമന്ത്രാലയവും സ്വദേശികളും വിദേശികളും ഉൾപ്പെട്ട രാജ്യനിവാസികളും ആദരവോടെ കാണുന്നു. ലോകത്തിലെ ഏറ്റവും കഴിവും കാര്യക്ഷമതയുമുള്ള നഴ്സുമാർ എന്ന ബഹുമതിക്ക് ഒത്ത പ്രവർത്തനമാണ് ഈ കോവിഡ് കാലത്ത് മലയാളി നഴ്സുമാർ കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ കുവൈത്തിൽ കോവിഡ് വാർഡുകൾ ഉൾപ്പെടെ നിർണായക സ്ഥലങ്ങളിലെല്ലാം മലയാളി നഴ്സുമാരെയാണ് വിന്യസിക്കുന്നത്. എടുത്താൽ പൊങ്ങാത്ത ജോലിഭാരം കൊണ്ട് തളരുന്നുണ്ട് അവർ.
ജീവഭയം മാറ്റിവെച്ചാണ് കോവിഡിന്റെ തുടക്കകാലത്ത് അവർ കൊലയാളി വൈറസിനെ ധീരതയോടെ നേരിട്ടത്. ആ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചവരും നിരവധി. പേഴ്സനൽ പ്രൊട്ടക്ഷൻ ഇക്വിപ്മെൻറ് (പി.പി.ഇ) കിറ്റിനകത്ത് 12 മണിക്കൂർ വിയർത്തുകുളിച്ച് വീർപ്പുമുട്ടി ചെയ്യുന്നതുതന്നെ എന്തൊരു ത്യാഗമാണ്. 12 മണിക്കൂർ കിറ്റിനകത്ത് നിൽക്കേണ്ടിവരുമ്പോൾ ശുചിമുറികളിൽ പോകുന്നത് പോലും അസാധ്യമാണ്. പരിചരണത്തിനപ്പുറം രോഗികളുടെ വ്യക്തിപരമായ കാര്യത്തിലടക്കം പുലർത്തുന്ന കരുതലിൽ മലയാളി നഴ്സുമാർ മാതൃകയാണ്. വാക്സിനേഷൻ കേന്ദ്രങ്ങളിലും മലയാളി നഴ്സുമാരാണ് താരം. ഒരു തുള്ളിപോലും പാഴാക്കാതെയും ഓരോരുത്തരുടെയും ആരോഗ്യാവസ്ഥയും രോഗചരിത്രവുമെല്ലാം സൂക്ഷ്മമായി ചോദിച്ചറിഞ്ഞും സൂക്ഷ്മതയോടെയാണ് അവർ വാക്സിൻ നൽകുന്നത്. 33 ലക്ഷത്തിലേറെ പേർക്ക് കുത്തിവെപ്പെടുത്തിട്ടും പിഴവിന്റെയോ ഗുരുതരമായ പാർശ്വഫലങ്ങളുടെയോ ഒറ്റ റിപ്പോർട്ട് പോലും കുവൈത്തിൽ ഇല്ല. വാക്സിൻ ഗുണമേന്മക്കൊപ്പം നഴ്സുമാരുടെ ജാഗ്രതയും ഇതിൽ എടുത്തുപറയേണ്ടതാണ്. മൊബൈൽ വാക്സിനേഷൻ യൂനിറ്റുകളുടെ ഭാഗമായി ഫീൽഡിലും അവർ സജീവമാണ്.
വ്യക്തിപരമായ ത്യാഗങ്ങളുടേത് കൂടിയാണ് ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം കോവിഡ് കാലം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ അവധി മരവിപ്പിച്ചിരിക്കുകയാണ് അധികൃതർ. കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളേക്കാൾ ആധി വീട്ടിലുള്ള കുഞ്ഞുങ്ങളെ പറ്റിയായിരുന്നു. പലരും കുട്ടികളെ ബന്ധുവീടുകളിലാക്കി. ജീവൻ രക്ഷിക്കാനുള്ള സാമൂഹിക ദൗത്യം എന്ന നിലയിൽ കാണുന്നത് കൊണ്ടാണ് പ്രയാസം സഹിച്ചും ആരോഗ്യ ജീവനക്കാർ കഠിനാധ്വാനം ചെയ്യുന്നത്. ആ സമർപ്പണ മനസ്സിന് ഗൾഫ് മാധ്യമം സിംഫണി ഓഫ് കുവൈത്തിന്റെ സ്നേഹാദരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.