കുവൈത്ത് സിറ്റി: റോഹിങ്ക്യൻ വിദ്യാർഥിനികൾക്ക് ആദരവും സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). ബിരുദധാരികളായ 100 റോഹിങ്ക്യൻ വിദ്യാർഥിനികളെ സഹായിക്കുകയും ആദരിക്കുകയും ചെയ്തതായി കെ.ആർ.സി.എസ് അറിയിച്ചു. തെക്കുകിഴക്കൻ ബംഗ്ലാദേശിലെ ചിറ്റഗോങ് നഗരത്തിലെ വനിതകൾക്കായുള്ള ഏഷ്യൻ യൂനിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയവരാണ് വിദ്യാർഥിനികൾ. കുവൈത്ത് ഫിനാൻസ് ഹൗസിന്റെ (കെ.എഫ്.എച്ച്) ഗ്രാന്റ് ഉപയോഗിച്ചാണ് ഈ മാനുഷിക പദ്ധതി നടപ്പിലാക്കിയതെന്ന് കെ.ആർ.സി.എസ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഔൻ പറഞ്ഞു.
വിദ്യാഭ്യാസം സമൂഹത്തിന്റെ മൂലക്കല്ലാണെന്നും സായുധ സംഘട്ടനങ്ങൾ മൂലം കുടിയൊഴിപ്പിക്കപ്പെട്ടവർ ഉൾപ്പെടെ എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കണമെന്നും അൽ ഔൻ പറഞ്ഞു. പ്രാദേശിക പങ്കാളികളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ച് കുടിയൊഴിപ്പിക്കപ്പെട്ട റോഹിങ്ക്യകൾക്ക് പിന്തുണയും ആശ്വാസവും നൽകുന്നത് തുടരുമെന്നും കെ.ആർ.സി.എസ് അദ്ദേഹം പറഞ്ഞു. യുദ്ധവും സംഘർഷങ്ങളും കാരണം വിദ്യാഭ്യാസം നഷ്ടപ്പെട്ടവർക്ക് മികച്ച അവസരം നൽകുന്നതിന് കെ.ആർ.സി.എസ് പദ്ധതി സഹായിച്ചതായി ബംഗ്ലാദേശിലെ ഏഷ്യൻ യൂനിവേഴ്സിറ്റി ഫോർ വിമൻ സ്ഥാപകനും പ്രസിഡന്റുമായ കമാൽ അഹ്മദ് പറഞ്ഞു. ബംഗ്ലാദേശിൽ കുടിയിറക്കപ്പെട്ട റോഹിങ്ക്യൻ വംശജരെ സഹായിക്കുന്നതിനായി നിരവധി ദുരിതാശ്വാസ, മെഡിക്കൽ, വിദ്യാഭ്യാസ പരിപാടികൾ കെ.ആർ.സി.എസ് നടപ്പിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.