കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളുടെ ചികിത്സക്കായി കുവൈത്തിലെ ആശുപത്രികൾ സജ്ജമാകുന്നു. ഫലസ്തീനികളുടെ ചികിത്സക്ക് ആശുപത്രികൾ തയാറാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഫലസ്തീനികളെ സ്വീകരിക്കുന്നതിനും ചികിത്സിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്താൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദേശത്തിന് പിറകെയാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ചികിത്സക്കായുള്ള തയാറെടുപ്പുകൾ നടത്താൻ ആശുപത്രികളോടും ബന്ധപ്പെട്ട മേഖലകളോടും മന്ത്രി നിർദേശിച്ചിരുന്നു.
ഫലസ്തീൻ സഹോദരങ്ങളെ സ്വീകരിക്കുന്നതിന് രാജ്യത്തെ മറ്റ് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനവും സഹകരണവും തുടരുകയാണ്.
ഇവർക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണം നൽകുന്നതിനുള്ള നടപടിക്രമങ്ങളും ക്രമീകരണങ്ങളും പൂർത്തിയാക്കാനുള്ള തയാറെടുപ്പുകൾ തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഫലസ്തീൻ വിഷയത്തിൽ കുവൈത്ത് ഭരണകൂടത്തിന്റെയും നേതൃത്വത്തിന്റെയും ജനങ്ങളുടെയും ഉറച്ച നിലപാടിന്റെയും ശിപാർശകളുടെയും തുടർച്ചയാണ് ഇതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയിലെ പരിക്കേറ്റവരെ സ്വീകരിക്കാനും ചികിത്സിക്കാനും തയാറാണെന്ന് കുവൈത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനെ ആരോഗ്യ മന്ത്രാലയം അഭിനന്ദിച്ചു. പരിക്കേറ്റ എല്ലാ ഫലസ്തീനികൾക്കും ആരോഗ്യവും സുരക്ഷിതത്വവും ലഭിക്കട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.