കുവൈത്ത് പ്രവാസി റെജി ചാണ്ടി യുദ്ധകാല അനുഭവങ്ങൾ പങ്കുവെക്കുന്നു
1989 ജനുവരി മൂന്ന്- 26ാം വയസ്സിലാണ് കുവൈത്തിലെത്തുന്നത്. ജോലിയും സൗകര്യങ്ങളും ആസ്വദിച്ച് ശാന്തസുന്ദരമായി കഴിഞ്ഞുകൂടിയ ദിനങ്ങൾ. 1990 ആഗസ്റ്റ് ഒന്നിനും വലിയമാറ്റങ്ങൾ ഉണ്ടായിരുന്നില്ല. വൈകീട്ട് സിനിമ കണ്ടാണ് കിടന്നത്.
ഹസാവിയയിലാണ് താമസം. രാവിലെ 5.30 ജോലിക്ക് ഇറങ്ങലാണ് പതിവ്. ആഗസ്റ്റ് രണ്ടിനും പതിവുപോലെ വാഹനവുമായി ഇറങ്ങി. എന്നാൽ അന്ന് പതിവില്ലാതെ റോഡിൽ പട്ടാളക്കാരെ കണ്ടു. ജോലിസ്ഥലത്തെത്തിയപ്പോഴാണ് കുവൈത്ത് ഇറാഖ് പിടിച്ചെടുത്ത വാർത്ത അറിയുന്നത്.
ഇതോടെ ആശങ്ക നിറഞ്ഞു. ഉച്ചക്ക് സാൽമിയ വുഡ്ലാൻഡ്സ് ഹോട്ടലിൽ ഊണ് കഴിക്കാനെത്തി. തിരിച്ചു പോകാനായില്ല. രാത്രി എട്ടുവരെ ഹോട്ടലിൽ ഇരുന്നു. രാത്രി ഒരു ബന്ധുവിന്റെ വീട്ടിൽ അഭയം തേടി.പിറ്റേ ദിവസം അബ്ബാസിയയിലേക്ക് പോകുമ്പോൾ ടാങ്ക് വരുന്നു. ചുറ്റുപാടും വെടിയൊച്ചകൾ മുഴങ്ങുന്നുണ്ടായിരുന്നു. പല റോഡുകൾ തിരിഞ്ഞാണ് അബ്ബാസിയയിൽ എത്തിയത്.
പത്താം തീയതി ബാങ്കുവഴിയായിരുന്നു ശമ്പളം. ബാങ്കുകൾ നിലച്ചതിനാൽ പണമൊന്നും ഉണ്ടായിരുന്നില്ല. ഹസാവിയിലെ പട്ടാളം രാജൻ എന്നയാളുടെ മെസ്സിൽ നിന്നായിരുന്നു ഭക്ഷണം. മെസ് പൂട്ടിയതോടെ ഭക്ഷണമില്ലാതായി. റുമേത്തിയയിലെ ഖുബ്ബൂസ് ഫാക്ടറിയിൽനിന്ന് രണ്ടുപാക്കറ്റ് ഖുബ്ബൂസ് കിട്ടും.
അതായിരുന്നു ആശ്രയം. പല ബന്ധുക്കളുടെയും കൂടെ തങ്ങിയാണ് തുടർന്നുള്ള ദിവസങ്ങൾ തള്ളി നീക്കിയത്. ഒരിക്കൽ കാറുമായി പുറത്തിറങ്ങിയപ്പോൾ ഉഗ്രശബ്ദം കേട്ടു ഞെട്ടി. പിന്നീട് നോക്കിയപ്പോഴാണ് കാറിനു പിന്നിൽ വെടിയുണ്ട പതിഞ്ഞ പാടു കണ്ടത്. ആഗസ്റ്റ് മാസം കഴിഞ്ഞു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. പേര് രജിസ്റ്റർ ചെയ്തു കാത്തിരിപ്പായി.
എന്റെ നാൾ വന്നെത്തിയില്ല. സെപ്റ്റംബറിൽ ജോർഡൻ വഴി പലരും നാട്ടിലേക്ക് പോയിത്തുടങ്ങി. ഇതിനിടെ അമ്മാവൻ തോമസ് കോശിയും കുടുംബവും നാട്ടിലേക്ക് പോകാൻ തയാറായി. മറക്കാനാകാത്ത ഒരു നന്മ ചേർത്തുവെച്ചാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹത്തിന്റെ കാർ എനിക്ക് കൈമാറി അതു വിറ്റ് നാട്ടിലെത്താൻ നിർബന്ധിക്കുകയും ചെയ്തു.
സെപ്റ്റംബർ 13ന് ഇന്ത്യക്കാർക്കായി ഒരു വിമാനം പുറപ്പെടുന്നു എന്നറിഞ്ഞു 300 ദീനാറിന് കാർ വിറ്റു. ഓടിപ്പിടിച്ച് വിമാനത്താവളത്തിലെത്തി. കുടുംബങ്ങൾക്കും സ്ത്രീകൾക്കുമായിരുന്നു മുൻഗണന. ഇതിനിടെ അവിടെ കൂട്ടിയിട്ട പെട്ടികൾ ഉരുണ്ടു വീണു. അത് എടുത്തുവെക്കാൻ പട്ടാളക്കാരൻ എന്നോട് പറഞ്ഞു.
പിറകെ ഒരു കുടുംബത്തിനൊപ്പം അകത്തേക്ക് കയറാനും പറഞ്ഞു. ഞാൻ അവർക്കൊപ്പമുള്ളതാണെന്ന് അയാൾ കരുതിയിരിക്കണം. അതിനിടെയാണ് ഒരു ഗർഭിണി തനിച്ചു നിൽക്കുന്നത് കണ്ടത്. അവരെ സമീപിച്ചപ്പോൾ ഭർത്താവ് വരുന്നില്ലെന്നും തനിച്ച് യാത്ര പ്രയാസമാണെന്നും പറഞ്ഞു. ഞാൻ നേരെ അവരുടെ ഭർത്താവിന്റെ അടുത്തെത്തി. അദ്ദേഹത്തിന് ഭാര്യയെ സഹായിക്കാൻ ഒരാളെ കിട്ടിയതിന്റെ സന്തോഷമായിരുന്നു.
കൈയിലുള്ള പണം അദ്ദേഹത്തിന് കൈമാറി.റെജി ചാണ്ടി ആൻഡ് ഫാമിലി എന്ന പേരിൽ എനിക്ക് യാത്രക്ക് അനുമതി കിട്ടി. ഗർഭിണിയുടെ ഭർത്താവിന്റെ ജ്യേഷ്ഠൻ ഹൃദയാഘാതത്തെ തുടർന്ന് അന്ന് കുവൈത്തിലുണ്ടായിരുന്നു. സഹോദരനെ വിട്ടുപോരാൻ കഴിയാത്തതിനാലാണ് അദ്ദേഹം ഭാര്യയെ തനിച്ച് നാടിലേക്കയച്ചത്. അങ്ങനെ 26 വയസ്സുള്ള ഞാൻ 32 വയസ്സുള്ള ‘ഭാര്യ’യുമായി വിമാനത്തിൽ കയറിപ്പറ്റി.
ജോർഡൻ വഴി മുംബൈയിലേക്ക് അതായിരുന്നു യാത്ര ഷെഡ്യൂൾ. യാത്ര തുടങ്ങിയതിന് പിറകെ ഒരു സ്ത്രീ പ്രസവിച്ചു. വിമാനം നേരെ ഇറാഖിലേക്ക് വിട്ടു. അവിടെ അവരെ ഇറക്കിയാണ് അമ്മാനിലെത്തിയത്. ദൂരെ എയർ ഇന്ത്യ വിമാനം കണ്ടതോടെ ഉള്ളിൽ കുളിരുവീണു.
വിമാനത്തിൽ എല്ലാവർക്കും ഭക്ഷണം കരുതിവെച്ചിരുന്നു. ദീർഘനാളുകൾക്കുശേഷം കിട്ടിയതിനാലാകാം അതിപ്പോഴും പ്രിയപ്പെട്ടതാണ്.ബോംബെയിലും മികച്ച സ്വീകരണവും 500 രൂപയും ട്രെയിൻ ടിക്കറ്റും ലഭിച്ചു. വിശ്രമിക്കാനുള്ള സൗകര്യവും ഭക്ഷണവും ഒരുക്കിയിരുന്നു. ട്രെയിൻ യാത്രക്കിടെ എല്ലാ സ്റ്റേഷനിലും ഭക്ഷണവുമായി വന്ന് സന്നദ്ധ സംഘടനകളും സ്നേഹം വിളമ്പി. സെപ്റ്റംബർ 17ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങുമ്പോൾ പിന്നിട്ട വഴികൾ ഓർത്ത് കണ്ണുനിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.