കുവൈത്ത് സിറ്റി: ഐ.സി.സി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ രാജ്യം കളത്തിലിറങ്ങുമ്പോൾ മലയാളികൾക്കും അഭിമാനം. ദേശീയ ടീമിലെ മൂന്നു പേർ മലയാളികളാണ്. കോട്ടയം സ്വദേശി ഹെൻട്രി തോമസ്, എറണാകുളം സ്വദേശി ഏഥൻ സഞ്ജയ് ചെറിയാൻ, പാലക്കാട് സ്വദേശി ഗൗതം മോഹൻദാസ് എന്നിവരാണ് ടീമിലുള്ള മലയാളികൾ. ഹെൻട്രി തോമസും, ഏഥൻ സഞ്ജയ് ചെറിയാനും ഇത് രണ്ടാം തവണയാണ് ദേശീയ ടീമിലെത്തുന്നത്. നേരത്തെ ഏഷ്യകപ്പ് യോഗ്യത മത്സരത്തിലും ഇരുവരും ഉണ്ടായിരുന്നു.
വർഷങ്ങളായി കുവൈത്തിൽ രക്ഷിതാക്കൾക്കൊപ്പം കഴിയുന്നവരാണ് മൂന്നുപേരും. മികച്ച ഓൾ റൗണ്ടറായ ഹെൻട്രി രക്ഷിതാക്കൾകൊപ്പം അടുത്തിടെ യു.കെയിലേക്ക് മാറിയിരുന്നു. എങ്കിലും ടൂർണമെന്റിലേക്ക് കുവൈത്ത് അധികൃതർ ഹെൻട്രിയെ പ്രത്യേകം ക്ഷണിച്ചുവരുത്തി. ഗൗതം മോഹൻദാസും ഓൾറൗണ്ടറാണ്. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ 11ാം ക്ലാസ് വിദ്യാർഥിയാണ്. ബാറ്ററായ ഏഥൻ ഐ.സി.എസ്.കെ സാൽമിയ വിദ്യാർഥിയാണ്.
നേരത്തേ ടീമിൽ ഉണ്ടായിരുന്നതും പ്രാദേശിക ലീഗുകളിലെ മത്സരങ്ങളിലെ പ്രകടനവും അടിസ്ഥാനമാക്കിയാണ് ഇവരെ ടീമിൽ ഉൾപ്പെടുത്തിയത്. ഹെൻട്രിയും, ഗൗതമും കുവൈത്തിലെ എം.സി.എ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിനും ഒരുമിച്ചുണ്ടായിരുന്നു. രണ്ടുപേരും പ്രതീക്ഷയുള്ള കളിക്കാരാണെന്ന് എം.സി.എ ക്രിക്കറ്റ് അക്കാദമി പരിശീലകർ പറഞ്ഞു. അജ്മാനിൽ തുടക്കമായ യോഗ്യത റൗണ്ടിൽ യു.എ.ഇ, ഹോങ്കോങ്, കുവൈത്ത്, മലേഷ്യ, നേപ്പാൾ, സിംഗപ്പൂർ എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. മാർച്ച് രണ്ടിന് സമാപിക്കും.
2014ൽ ശ്രീലങ്കയിൽ നടക്കുന്ന ലോകകപ്പിന്റെ യോഗ്യത മത്സരമാണിത്. അതേസമയം വെള്ളി, ശനി ദിവസങ്ങളിൽ നടന്ന ആദ്യ രണ്ടു മത്സരങ്ങളിൽ ഹോങ്കോങ്, നേപ്പാൾ ടീമുകളോട് കുവൈത്ത് തോറ്റു. തിങ്കളാഴ്ച മലേഷ്യ, ചൊവ്വാഴ്ച യു.എ.ഇ, വ്യാഴാഴ്ച സിംഗപ്പൂർ എന്നിവരുമായാണ് കുവൈത്തിന്റെ അടുത്ത മത്സരങ്ങൾ. വരുന്ന കളികളിൽ ശ്രദ്ധേയ പ്രകടനങ്ങളോടെ ടീമിനെ വിജയത്തിലെത്തിക്കാമെന്നാണ് മലയാളി താരങ്ങളുടെ പ്രതീക്ഷ. ആദ്യ കളിയിൽ ഗൗതം നാലുവിക്കറ്റും, രണ്ടാം മത്സരത്തിൽ ഹെൻട്രി രണ്ടു വിക്കറ്റും വീഴ്ത്തി ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.