കുവൈത്ത് സിറ്റി: കുവൈത്തിലെ കത്തുന്ന ചൂടിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിന് മുന്നിലെ കാത്തുനിൽപ് കഠിനം. ലോകത്തിലെതന്നെ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. 50 ഡിഗ്രിക്ക് മുകളിലാണ് രാജ്യത്തെ ഉച്ചസമയത്തെ താപനില. ലോകത്തെ കൂടിയ ചൂട് റിപ്പോർട്ട് ചെയ്ത 15 കേന്ദ്രങ്ങളെ കഴിഞ്ഞ ദിവസം ലോകരാജ്യങ്ങളിലെ താപനില രേഖപ്പെടുത്തുന്ന ആഗോള വെബ്സൈറ്റായ എൽഡോറാഡോ പ്രസിദ്ധീകരിച്ചപ്പോൾ എട്ടും കുവൈത്തിൽ ആയിരുന്നു.
രണ്ടു മണിക്കൂറിലേറെ പല കുത്തിവെപ്പ് കേന്ദ്രത്തിലും കാത്തിരിക്കേണ്ടി വരുന്നു. സന്നദ്ധ സംഘടനകളും വ്യക്തികളും തണുത്ത വെള്ളം വിതരണം നടത്തുന്നത് വലിയ ആശ്വാസമാണ്. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് സൂര്യതാപം ഏൽക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റ് അപകടങ്ങളും ഒഴിവാക്കാനാണിത്. ഇൗ സമയത്തുതന്നെയാണ് പൊള്ളുന്ന വെയിലിൽ വാക്സിനേഷൻ കേന്ദ്രത്തിന് പുറത്ത് വരിനിൽക്കേണ്ടി വരുന്നത്.
വാക്സിൻ വിതരണത്തിന് കേന്ദ്രങ്ങളിൽ വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജനത്തിരക്ക് കാരണമാണ് വരി പുറത്തേക്ക് നീളുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതുള്ളതിനാൽ സന്ദർശകരെ മുഴുവനായി ഹാളിനകത്ത് പ്രവേശിപ്പിക്കാനും കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.