പ്രവാസികളോടുള്ള വിമാന കമ്പനികളുടെ ചൂഷണം ഉടനെയൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. നിരക്ക് വർധനയിൽ ഇടപെടാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാനമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ പ്രവാസികൾ ഇനിയും ഭാരം ചുമക്കേണ്ടിവരും എന്ന് ഉറപ്പ്. പ്രവാസി സംഘടനകൾ ഉൾപ്പെടെ വിമാന കമ്പനികൾക്കും സർക്കാറുകൾക്കും നിരവധി തവണ പരാതി നൽകിയിട്ടും വിഷയത്തിൽ പ്രയോജനം ഉണ്ടായില്ല.
ജൂൺ-ജൂലൈ മാസങ്ങളിൽ ഗൾഫ് മേഖലകളിൽ വേനലവധി ആരംഭിക്കുന്നത്. ഈ സമയങ്ങളിലാണ് കുടുംബമായി ഗൾഫിൽ അധിവസിക്കുന്ന പ്രവാസികൾ കൂടുതലും ജന്മനാട്ടിലേക്ക് പോകുന്നത്. ഈ സമയങ്ങളിൽ വിമാന കമ്പനികൾ അനിയന്ത്രിതമായ രീതിയിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക പതിവാണ്. ചെറിയ വരുമാനക്കാരായ കുടുംബമായി താമസിക്കുന്ന പ്രവാസി രണ്ടും മൂന്നും വർഷം കൂടുമ്പോഴാണ് മാതാപിതാക്കളെയും ബന്ധുക്കെളയും കാണാൻ പോകുക.
സീസൺ ടിക്കറ്റ് വർധന ഭയന്നു പലരും വളരെ നേരത്തേ തന്നെ ടിക്കറ്റുകൾ വാങ്ങിവെക്കാറുണ്ട്. പക്ഷേ, വിമാന കമ്പനികൾ പലപ്പോഴും യാത്രാസമയമാകുമ്പോൾ വിമാന സർവിസ് റദ്ദാക്കിയതായി അറിയിക്കുന്നു. മാസങ്ങൾക്ക് മുമ്പ് പണം കൊടുത്ത് ടിക്കറ്റ് നേടിയ യാത്രക്കരനു പകരം യാത്ര തരപ്പെടുത്താൻ ഈ കമ്പനികൾക്ക് ബാധ്യത ഉണ്ടാകേണ്ടതല്ലേ? എന്നാൽ, അവർ അതിന് തയാറാകുന്നില്ല, മാത്രമല്ല അടച്ച പണംപോലും തിരികെ ലഭിക്കാൻ സമയമെടുക്കുന്ന സാഹചര്യമാണ് നിലവിൽ.
യാത്രക്കാരന്റെ കാരണംകൊണ്ട് ടിക്കറ്റ് മാറ്റേണ്ടിവന്നാൽ പിഴയും പുതിയ ടിക്കറ്റുനിരക്കും ഇൗടാക്കുന്ന കമ്പനികൾ, അവരുടെ കാരണംകൊണ്ട് ഉണ്ടാകുന്ന യാത്ര റദ്ദാക്കലിന് ഒരു ആനുകൂല്യങ്ങളും നൽകില്ല. അടുത്ത ദിവസങ്ങളിൽ ടിക്കറ്റിന് അമിത വില കൊടുക്കാനും പാവപ്പെട്ട യാത്രക്കാരനെ നിർബന്ധിതനാക്കുന്നു. ഉപഭോക്താവ് രാജാവാണ് എന്നാണ് വെപ്പ്. എന്നാൽ, ഇന്നു വെറും അടിമ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.