കുവൈത്ത് സിറ്റി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിപുലമായ ആഘോഷ പരിപാടികളുമായി കുവൈത്തിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവും ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികവും പ്രമാണിച്ചാണ് പരിപാടികൾ. ഇതിന്റെ ഭാഗമായി കുവൈത്തിൽ ഇന്ത്യൻ എംബസി 'ആസാദി കാ അമൃത് മഹോത്സവ്' ബസ് കാമ്പയിൻ ആരംഭിച്ചു. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജും മുഖ്യാതിഥി കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയത്തിലെ ഫോറിൻ മീഡിയ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മാസിൻ അൽ അൻസാരിയും ചേർന്ന് ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും കുവൈത്തും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ആഘോഷമാണ് പരിപാടിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സൗഹൃദത്തിന്റെ 60ാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷമായി നടത്തിവന്നിരുന്ന വിവിധ പരിപാടികളുടെ സമാപനവും കൂടിയാണ് ആഘോഷിക്കപ്പെടുന്നതെന്ന് അംബാസഡർ സിബി ജോർജ് പറഞ്ഞു. പിന്തുണച്ചവർക്കും കുവൈത്ത് അധികൃതർക്കും അംബാസഡർ നന്ദി അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ 'ഹർ ഘർ തിരംഗ' കാമ്പെയിനിൽ ചേരാൻ കുവൈത്തിലെ ഇന്ത്യൻ പ്രവാസികളോട് അംബാസഡർ അഭ്യർഥിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെയും ഇന്ത്യ-കുവൈത്ത് സൗഹൃദത്തിന്റെയും സന്ദേശം വിളംബരം ചെയ്യുന്ന പരസ്യങ്ങളുമായാണ് 100 പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ സർവിസ് നടത്തുക. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും പൗരപ്രമുഖരും സംബന്ധിച്ചു. കുവൈത്തിലെ വിവിധ വ്യവസായ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി. കഴിഞ്ഞവർഷവും ഇത്തരത്തിൽ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു.
കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയത്തിലെ ഫോറിൻ മീഡിയ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മാസിൻ അൽ അൻസാരി. ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ എല്ലാ മേഖലകളിലും ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കോവിഡിന്റെ പ്രയാസകരമായ സമയങ്ങളിൽ കുവൈത്തും ഇന്ത്യയും വൈദ്യസഹായങ്ങൾ കൈമാറിയത് അദ്ദേഹം എടുത്തുപറഞ്ഞു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ഉണർത്തി. 'ആസാദി കാ അമൃത് മഹോത്സവ്' ബസുകൾ ഫ്ലാഗ് ഓഫ് കാമ്പയിനിലൂടെ ഇന്ത്യയുടെയും കുവൈത്തിന്റെയും രണ്ട് സുപ്രധാന നാഴികക്കല്ലുകൾ ആഘോഷിക്കപ്പെടുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കുവൈത്തിലുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സാന്നിധ്യം ഇന്ത്യയുമായുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഇന്ത്യക്കാർ കുവൈത്തിലെ എല്ലാ മേഖലകളിലും സന്തോഷത്തോടെ ജോലി ചെയ്യുന്നതായും അച്ചടക്കമുള്ളവരും കഠിനാധ്വാനികളും നിയമം അനുസരിക്കുന്നവരുമാണ് ഇന്ത്യക്കാരെന്നും അദ്ദേഹം പറഞ്ഞു.
മാസിൻ അൽ അൻസാരി
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഐ.സി.എഫ് കുവൈത്ത് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന സംഗമം വെള്ളിയാഴ്ച്ച വൈകീട്ട് ഏഴിന് ഓൺലൈനായി നടക്കും. 'സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന ശീർഷകത്തിൽ നടക്കുന്ന പരിപാടിയിൽ എസ്.വൈ.എസ് കേരള സ്റ്റേറ്റ് സെക്രട്ടറി സ്വാദിഖ് സഖാഫി പെരുന്താറ്റിരി മുഖ്യപ്രഭാഷണം നടത്തും. കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ചിത്ര രചന, ക്വിസ്, ദേശീയ ഗാനാലാപനം എന്നീ മത്സരങ്ങളും ആഗസ്റ്റ് 13ന് ഉച്ച ഒന്നു മുതൽ വൈകീട്ട് ഏഴു വരെ ജബ്രിയ ബ്ലഡ് ബാങ്കിൽ രക്തദാന കാമ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കുവൈത്ത് സിറ്റി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ഫ്രീഡം സ്ക്വയര്‍ പരിപാടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഫ്രീഡം സ്ക്വയര്‍ സംഘടിപ്പിക്കുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം- ഇന്ത്യയെ വീണ്ടെടുക്കാം എന്ന പ്രമേയത്തില്‍ കെ.ഐ.സി ഫര്‍വാനിയ മേഖല ആക്ടിങ് ജനറൽ സെക്രട്ടറി റിയാസ് ചെറുവത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും.
ആഗസ്റ്റ് 12ന് വൈകുന്നേരം നാലിന് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കെ.ഐ.സി കേന്ദ്ര നേതാക്കളും വിവിധ യൂനിറ്റ് ഭാരവാഹികളും മറ്റു പ്രവര്‍ത്തകരും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.