കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിൽ കൂടുതൽ നിക്ഷേപ സാധ്യതകൾ തേടി കുവൈത്തിൽ നിക്ഷേപ സമ്മേളനം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലുമായി (ഐ.ബി.പി.സി) സഹകരിച്ച്, കുവൈത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെ.സി.സി.ഐ), യൂനിയൻ ഓഫ് ഇൻവെസ്റ്റ്മെന്റ് കമ്പനീസ് (യു.ഐ.സി) എന്നിവയുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.
അംബാസഡർ ഡോ. ആദർശ് സ്വൈക ഇന്ത്യയും കുവൈത്തും തമ്മിലുള്ള പരമ്പരാഗത സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളുടെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയർത്തിക്കാട്ടി. കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് ഉസ്മാൻ മുഹമ്മദ് അൽ ഐബാനെ പ്രതിനിധാനംചെയ്ത് മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അനീസി മുഖ്യാതിഥിയായി പങ്കെടുത്തു.
കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടർ ഗാനേം അൽ ഗെനൈമാൻ, യൂനിയൻ ഓഫ് ഇൻവെസ്റ്റ്മെന്റ് കമ്പനീസ് (യു.ഐ.സി) ചെയർമാൻ സലേഹ് സാലിഹ് അൽ സെൽമി, കുവൈത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെ.സി.സി.ഐ) ബോർഡ് അംഗം ദിരാർ അൽ ഗാനേം എന്നിവർ സംസാരിച്ചു. വ്യാപാരത്തിനും നിക്ഷേപത്തിനും കൂടുതൽ അവസരങ്ങൾ നൽകുന്നതിനെ എല്ലാവരും അഭിനന്ദിച്ചു.
ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേനൽ ട്രേഡ്, ഇൻവെസ്റ്റ് ഇന്ത്യ, നാഷനൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാറ്റ്സ്ട്രക്ചർ ഫണ്ട് (എൻ.ഐ.ഐ.എഫ്), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
എൻ.ഐ.ഐ.എഫുമായുള്ള നിക്ഷേപ സഹകരണത്തെക്കുറിച്ച് എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഐ.ഒയുമായ പത്മനാഭ് സിൻഹ അവതരണം നടത്തി. ഇൻവെസ്റ്റ് ഇന്ത്യ വൈസ് പ്രസിഡന്റ് ആസ്ത ത്യാഗി ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളെ കുറിച്ച് അവതരിപ്പിച്ചു.
നിക്ഷേപ അവസരങ്ങൾ സംബന്ധിച്ച പാനൽ ചർച്ചയും നടന്നു. കുവൈത്തിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങൾ, നിക്ഷേപ കമ്പനികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ഇന്ത്യൻ ബിസിനസ്, പ്രഫഷനൽ കൂട്ടായ്മയിലെ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.