കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് ബന്ധം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നത രാഷ്ട്രീയ ഇടപെടലുകൾ പുനരുജ്ജീവിപ്പിക്കാനും ശ്രമം നടത്തുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. കോവിഡിന്റെ പ്രയാസങ്ങൾ ഒഴിഞ്ഞതോടെ വരും കാലങ്ങളിൽ ഇരു രാജ്യങ്ങളിലും ഉന്നതതലത്തിലുള്ള സന്ദർശനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് യോഗ്യതാപത്രങ്ങൾ സമർപ്പിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അംബാസഡർ.
കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ എന്ന നിലയിൽ, അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, കുവൈത്ത് സർക്കാർ, ജനങ്ങൾ എന്നിവരോട് നന്ദി പറഞ്ഞുകൊണ്ട് ഔദ്യോഗിക ജോലി ആരംഭിക്കുന്നതായും ഡോ. ആദർശ് സ്വൈക പറഞ്ഞു.
ഇന്ത്യയും കുവൈത്തും പരമ്പരാഗത സുഹൃത്തുക്കളും പങ്കാളികളുമാണെന്ന് സൂചിപ്പിച്ച അംബാസഡർ, ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും അടുപ്പമുള്ളതായും കൂട്ടിച്ചേർത്തു. കുവൈത്തിന്റെ ഭക്ഷ്യസുരക്ഷയിൽ ഇന്ത്യ പ്രധാനമാണ്.
അതേസമയം ഇന്ത്യയുടെ ഊർജ സുരക്ഷയിൽ കുവൈത്ത് നിർണായകമാണെന്നും അംബാസഡർ പറഞ്ഞു. നല്ല ബന്ധം തുടരാൻ ഇരു രാജ്യങ്ങളുടെയും നേതൃത്വം അത്യന്തം പ്രാധാന്യം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാമെന്ന് പറഞ്ഞ അംബാസഡർ കോവിഡ് സമയത്ത് ഇരു രാജ്യങ്ങളും പരസ്പരം കൈമാറിയ സഹായങ്ങൾ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.