കുവൈത്ത് സിറ്റി: ദേശീയ അസംബ്ലിയിൽ വീണ്ടും ചൂടേറിയ ചർച്ചക്ക് വഴിയൊരുങ്ങുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കുന്ന സാധാരണ സെഷനിൽ വാണിജ്യ വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അൽ ഐബാനെതിരായ വിചാരണ അഭ്യർഥന ഉൾപ്പെടെ ഒന്നിലധികം വിഷയങ്ങൾ ചർച്ച ചെയ്യും.
ട്രാൻസ്ക്രിപ്റ്റ് അംഗീകാരം, വിവിധ റിപ്പോർട്ടുകളിലെ ചർച്ചകൾ, തുടർ ചോദ്യങ്ങൾ എന്നിവ അജണ്ടയിലുണ്ട്. എം.പി ഹംദാൻ അൽ അസ്മിയാണ് മന്ത്രി മുഹമ്മദ് അൽ ഐബാനെതിരായ വിചാരണ അഭ്യർഥന സമർപ്പിച്ചത്. ഇതിൽ ദേശീയ അസംബ്ലി വിശദമായ ചർച്ച നടത്തും. അധികാര ചൂഷണവും ദുർവിനിയോഗവും, ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ഓഡിറ്റ് ബ്യൂറോയെ തെറ്റിദ്ധരിപ്പിക്കുക, ചെറുകിട, ഇടത്തരം വ്യവസായ വികസനത്തിനുള്ള ദേശീയ ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ പരാജയം, വില നിരീക്ഷിക്കുന്നതിലെ പരാജയം തുടങ്ങിയ വിഷയങ്ങളാണ് മന്ത്രിക്കെതിരെ ഉയർന്നിട്ടുള്ളത്.
കുറഞ്ഞ റിട്ടയർമെന്റ് വേതനം വർധിപ്പിക്കുന്നതിനും ജീവിതച്ചെലവ് വർധിപ്പിക്കുന്നതിനുമായി സാമൂഹിക സുരക്ഷ നിയമത്തിനായുള്ള പൊതു സ്ഥാപനം ഭേദഗതി ചെയ്യുന്ന നിർദേശം അജണ്ടകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
ഉദ്ഘാടന അമീരി പ്രസംഗം, 34 പാർലമെന്ററി കമ്മിറ്റി റിപ്പോർട്ടുകളുടെ പരിശോധന, ഭവനക്ഷേമത്തിനായുള്ള പൊതു അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതി, കുവൈത്ത് അഴിമതിവിരുദ്ധ അതോറിറ്റി (നസഹ) മേധാവി റിപ്പോർട്ടിലുള്ള പരിശോധന എന്നിവയും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.