കുവൈത്ത്, ഇറാൻ, തുർക്കി, സിറിയ, സൗദി, ജോർഡൻ രാഷ്ട്ര നേതാക്കൾ സംബന്ധിക്കും
•ഇൗജിപ്ത്, ഫ്രാൻസ് പ്രസിഡൻറുമാർ പ്രത്യേക ക്ഷണിതാക്കൾ
കുവൈത്ത് സിറ്റി: ഇറാഖ് അടുത്തമാസം അയൽരാജ്യങ്ങളുടെ ഉച്ചകോടി വിളിക്കുന്നു. ബഗ്ദാദ് ഉച്ചകോടിയിൽ കുവൈത്ത്, ഇറാൻ, തുർക്കി, സിറിയ, സൗദി, ജോർഡൻ എന്നീ രാജ്യങ്ങളുടെ നേതാക്കളെയാണ് ക്ഷണിക്കുക.
ഇൗജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയും സംബന്ധിക്കും. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ മാത്രമാകും മേഖലക്ക് പുറത്തുനിന്നുള്ള രാജ്യങ്ങളുടെ പ്രതിനിധിയായി സംബന്ധിക്കുക എന്നാണ് റിപ്പോർട്ട്. കുവൈത്തിന് നിർണായക പങ്ക് വഹിക്കാനുണ്ടാകും.
ഉച്ചകോടിക്ക് മുന്നോടിയായി ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി കഴിഞ്ഞ ദിവസം കുവൈത്തിലെത്തി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇറാഖ്, കുവൈത്ത് വാണിജ്യ ബന്ധം ശക്തിപ്പെടുത്തുക സന്ദർശനത്തിെൻറ ലക്ഷ്യമായിരുന്നു. കുവൈത്തിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയ മുസ്തഫ അൽ കാദിമി അവരെ ഇറാഖിൽ നിക്ഷേപം നടത്താൻ ക്ഷണിച്ചു. നേരേത്ത യുദ്ധം ചെയ്ത കുവൈത്തും ഇറാനും ഉൾപ്പെടെ രാജ്യങ്ങളുമായി അടക്കം ഉൗഷ്മള ബന്ധവും ഒരുമിച്ചുള്ള പുരോഗതിയുമാണ് ഇറാഖ് ആഗ്രഹിക്കുന്നത്. പതിറ്റാണ്ടുകളുടെ യുദ്ധചരിത്രം ഇറാഖിനെ കൊടുംദുരിതത്തിലേക്കാണ് തള്ളിവിട്ടത്. മേഖലയിൽ സ്ഥിരതയും സമാധാനവും ഉണ്ടാകേണ്ടത് എല്ലാ രാജ്യങ്ങളുടെയും ആവശ്യമാണ്.
അതുകൊണ്ടുതന്നെ ഇറാഖിെൻറ ക്ഷണത്തോട് എല്ലാ രാജ്യങ്ങളും അനുകൂലമായാണ് പ്രതികരിച്ചത്.
നയതന്ത്ര രംഗത്തെ അനുഭവസമ്പത്തും സൽപേരും കുവൈത്ത് എന്ന കൊച്ചുരാജ്യത്തെ ബഗ്ദാദ് ഉച്ചകോടിയിലെ ശ്രദ്ധാകേന്ദ്രമാക്കുന്നു.
കഴിഞ്ഞ ദിവസത്തെ സന്ദർശനവേളയിൽ ഇറാഖ് പ്രധാനമന്ത്രി ഇക്കാര്യം ഉൗന്നിപ്പറഞ്ഞു. ഇറാഖിൽ സ്ഥിരത ആഗ്രഹിക്കാതെ പശ്ചിമേഷ്യയുടെ സമാധാനം സംസാരിക്കുന്നത് പാഴ്വേലയാണെന്ന് കുവൈത്ത് അന്താരാഷ്ട്ര വേദികളിൽ വ്യക്തമാക്കിയതാണ്.
'ഇറാഖ്, സ്ഥിരതയും വികസനവും' തലക്കെട്ടിൽ 2019 ഏപ്രിലിൽ ഇറാഖ് അയൽ രാജ്യങ്ങളിലെ പാർലമെൻറ് സ്പീക്കർമാരുടെ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ വിളിച്ചുചേർത്ത രാഷ്ട്ര നേതാക്കളുടെ ഉച്ചകോടി മേഖലയുടെ ചരിത്രത്തിൽ നിർണായകമായ ഒന്നാകുമെന്നാണ് വിലയിരുത്തൽ. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും ഉച്ചകോടിയിലെ നിർണായക സാന്നിധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.