കുവൈത്ത് സിറ്റി: ഗോൾഡൻ ജൂബിലിയുടെ ഭാഗമായി കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് ഇസ്ലാമിക് എക്സിബിഷനും ഖുർആൻ സമ്മേളനവും സംഘടിപ്പിക്കുന്നു. ഒക്ടോബർ 20ന് കുവൈത്ത് സിറ്റിയിലുള്ള മസ്ജിദുൽ കബീർ റോയൽ ടെന്റിലാണ് പരിപാടി. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് എക്സിബിഷൻ. ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള കുട്ടികളും വിവിധ മദ്റസകളിലെ കുട്ടികളും കെ.ഐ.ജി, യൂത്ത് ഇന്ത്യ, ഐവ യൂനിറ്റുകളും എക്സിബിഷനിൽ പങ്കാളികളാകുന്നുണ്ട്.
വിവിധ കാറ്റഗറികളിൽ മത്സരിക്കുന്നവർക്ക് വേണ്ടി 60 ഓളം സ്റ്റാളുകളാണ് റോയൽ ടെന്റിൽ ഒരുക്കുന്നത്. 18 വയസ്സിന് മുകളിലുള്ള സ്ത്രീ പുരുഷൻമാർക്ക് ഒറ്റക്കോ മൂന്ന് പേർ ചേർന്ന് ടീമായോ എക്സിബിഷനിൽ പങ്കെടുക്കാം. ഇസ്ലാമിക മൂല്യങ്ങളും സന്ദേശങ്ങളും ഖുർആൻ-ഹദീസ് അധ്യാപനങ്ങളും പ്രതിഫലിക്കുന്നതും ചലിക്കുന്നതും നിശ്ചലവുമായ മോഡലുകൾ, ഡിജിറ്റൽ പ്രസന്റേഷനുകൾ, കൊളാഷുകൾ തുടങ്ങിയവ പ്രദർശിപ്പിക്കാം.
വൈകീട്ട് ആറിന് ഖുർആൻ സമ്മേളനത്തിൽ പണ്ഡിതനും പ്രഭാഷകനുമായ ബഷീർ മുഹ്യിദ്ദീൻ ‘ഖുർആൻ വിളക്കും വെളിച്ചവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കെ.ഐ.ജി.നേതാക്കൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. റമദാനിൽ നടത്തിയ വിവിധ ഖുർആൻ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനം സമ്മേളനത്തിൽ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.