കുവൈത്ത് സിറ്റി: ഫലസ്തീനുനേരെ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണത്തെ അപലപിച്ചും ഫലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ചും കുവൈത്ത്. അൽജീരിയയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സി) പാർലമെന്ററി യൂനിയന്റെ 17ാമത് സെഷനിൽ കുവൈത്ത് പ്രതിനിധി താമർ അൽ സുവൈത്ത് എം.പിയാണ് രാജ്യത്തിന്റെ നിലപാട് ആവർത്തിച്ചത്.
കുവൈത്ത്, ഔദ്യോഗികമായും ജനകീയമായും, ഫലസ്തീനെ പിന്തുണക്കുന്നതിൽനിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഫലസ്തീൻ സ്ഥിരതയുടെ ഏറ്റവും മഹത്തായതും ഏകവുമായ പാഠമായി തുടരും. തലമുറ തലമുറയായി ഈ രാജ്യത്തിന്റെ മനസ്സാക്ഷിയിൽ അത് നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖുർആൻ പകർപ്പ് കത്തിക്കുന്നതിലും അവഹേളിക്കുന്നതിലും ശക്തമായി അപലപിച്ച താമർ അൽ സുവൈത്ത് ഇവ വിദ്വേഷമല്ലാതെ മറ്റൊന്നും സൃഷ്ടിക്കുന്നില്ലന്ന് ഉണർത്തി. മേഖലയിലെ സ്ഥിരതയും സമാധാനവും രാജ്യങ്ങളിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്.
ആഗോള വെല്ലുവിളികൾക്കും അപകടങ്ങൾക്കുമിടയിൽ മുന്നോട്ടുപോകുന്നതിന് കൂടുതൽ ദൃഢനിശ്ചയം ആവശ്യമാണെന്നും ഉണർത്തി. മറ്റെല്ലാ പരിഗണനകൾക്കും മുകളിൽ വികസനത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. അതിന് അനുയോജ്യമായ പരിപാടികളും ലക്ഷ്യങ്ങളും സജ്ജമാക്കണം. പ്രദേശത്തിന്റെ സ്ഥിരതയും സമാധാനവും കൈവരിച്ചില്ലെങ്കിൽ ഇത് നടപ്പിലാക്കാൻ കഴിയില്ലെന്നും താമർ അൽ സുവൈത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.